ഉത്ത‌ർപ്രദേശ്: രാഹുൽ ഗാന്ധിയെ തട്ടകമായ അമേഠിയിലെത്തി വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അമേഠി പുതിയ ചരിത്രമെഴുതാൻ പോകുന്നവെന്ന് പറഞ്ഞ മോദി രാഹുലിനെ നിശിതമായി വിമര്‍ശിച്ചു. രാഹുലിന്‍റെ മണ്ഡലത്തിൽ തോക്ക് നിര്‍മാണ ഫാക്ടറിയടക്കമുള്ള വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 

റഫാൽ പോര്‍വിമാന ഇടപാട്  ഉയര്‍ത്തി മോദിക്കെതിരെ രാഹുൽ നടത്തിയ പോര്‍ വിളിക്ക് രാഹുലിന്‍റെ തട്ടകത്തിൽ കലാഷ് നിക്കോവ് തോക്ക് നിര്‍മാണ ഫാക്ടറി ഉദ്ഘാടനം ചെയ്താണ് മോദിയുടെ തിരിച്ചടി. പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ അമേഠി സന്ദര്‍ശനമാണിത്. ഇന്തോ റഷ്യൻ സംയുക്ത സംരഭമായ എകെ 203 ഫാക്ടറി 9 വര്‍ഷം മുമ്പ് വരേണ്ടതായിരുന്നുവെന്നും മുൻ സ‌‌ർക്കാറുകൾ ഇതിനായി ഒന്നും ചെയ്തില്ലെന്നും മോദി ആരോപിച്ചു.

ജയിച്ച രാഹുൽ ​ഗാന്ധിയേക്കാൾ അമേഠിക്കായി പ്രവർത്തിച്ചത് തോറ്റ സ്മൃതി ഇറാനിയാണെന്നും  മോദി അവകാശപ്പെട്ടു. അമേഠിയിൽ നിന്ന് ലോകസഭയിലേക്കെത്തിയ ആളെക്കാൾ കൂടുതൽ മികച്ച പ്രവർത്തനം സ്മൃതി ഇറാനി കാഴ്ചവച്ചുവെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രശംസ. രാഹുലിനോട് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തോറ്റ സ്മൃതി ഇറാനി അമേതിക്കായി ചെയ്ത സേവനങ്ങളെ മോദി പ്രത്യേകം എടുത്തു പറഞ്ഞു.

2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 1,07,923 വോട്ടുകൾക്കായിരുന്നു സ്മൃതി ഇറാനി രാഹുൽ ​ഗാന്ധിയോട് അമേഠിയിൽ പരാജയപ്പെട്ടത്.  ഇറാനിക്ക് രാജ്യസഭാ സീറ്റ് നൽകിയ ബിജെപി മോദി  മന്ത്രി സഭയിൽ മാനവവിഭവ ശേഷി മന്ത്രിയാക്കുകയും ചെയ്തു. പിന്നീട് വകുപ്പ് മാറ്റത്തിലൂടെ ടെക്സ്റ്റൈൽസ് വകുപ്പിലേക്ക് മാറ്റപ്പെട്ട ഇറാനി ഇടക്കാലത്ത് ഇൻഫ‌ർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്‍റെ ചുമതല വഹിച്ചിരുന്നു.