റേവ് പാർട്ടികളിൽ പങ്കെടുത്തവരാണ് പാമ്പിന്റെ വിഷം എടുത്തതെന്നും വിദേശ പൗരന്മാരും പാർട്ടിയിൽ പങ്കെടുത്തെന്നും പൊലീസ് പറഞ്ഞു.
ദില്ലി: ബിഗ് ബോസ് വിജയി നടത്തിയ റേവ് പാർട്ടിയിൽ പൊലീസ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് പാമ്പിൻ വിഷവും പാമ്പുകളും. സോഷ്യൽ മീഡിയ താരവും ബിഗ് ബോസ് വിജയിയുമായ എൽവിഷ് യാദവ് സംഘടിപ്പിച്ച റേവ് പാർട്ടിക്കാണ് പാമ്പിനെയും വിഷവും എത്തിച്ചത്. സംഭവത്തിൽ നോയിഡയിനിന്ന്ൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ദില്ലിയിലെയും സമീപ പ്രദേശങ്ങളിലെയും ഫാം ഹൗസുകളിൽ പാർട്ടികൾ സംഘടിപ്പിച്ചിരുന്നതായി അഞ്ച് പേർ പൊലീസിനോട് പറഞ്ഞു. എൽവിഷ് യാദവ് യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും വീഡിയോ ഷൂട്ട് ചെയ്യാൻ പാമ്പുകളെ ഉപയോഗിച്ചെന്നും പൊലീസ് കണ്ടെത്തി.
റേവ് പാർട്ടികളിൽ പങ്കെടുത്തവരാണ് പാമ്പിന്റെ വിഷം എടുത്തതെന്നും വിദേശ പൗരന്മാരും പാർട്ടിയിൽ പങ്കെടുത്തെന്നും പൊലീസ് പറഞ്ഞു. എൽവിഷ് യാദവ് ഉൾപ്പെടെ ആറ് പേരുടെ പേരുകളാണ് എഫ്‌ഐആറിൽ ഉള്ളത്. ആറ് പ്രതികളിൽ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തെങ്കിലും എൽവിഷ് യാദവിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു. അഞ്ച് പാമ്പുകൾ ഉൾപ്പെടെ ഒമ്പത് പാമ്പുകളും പാമ്പിന്റെ വിഷവും പ്രതികളിൽ നിന്ന് കണ്ടെടുത്തതായും പാമ്പുകളെ വനം വകുപ്പിന് കൈമാറിയതായും അധികൃതർ അറിയിച്ചു.

മൃഗസംരക്ഷണ എൻജിഒയുടെ പരാതിയെത്തുടർന്നാണ് നോയിഡയിലെ സെക്ടർ 49-ൽ ഇന്നലെ വൈകുന്നേരം റെയ്ഡ് നടത്തിയത്. പാമ്പുകളെ പിടികൂടി വിഷം വേർതിരിച്ചെടുക്കുന്ന ഇവർ എൽവിഷ് യാദവിന് ഉയർന്ന വിലയ്ക്ക് വിഷം വിറ്റെന്നും പാർട്ടികളിൽ വിഷം വിതരണം ചെയ്യുന്നതിനായി വൻ തുക പിരിച്ചെടുക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
