ഉത്തര്‍പ്രദേശില്‍ മഗധ് എക്‌സ്പ്രസിലാണ് സംഭവം.
ലഖ്നൌ: ട്രെയിനിലെ എസി കോച്ചില്‍ പാമ്പിനെ കണ്ട് യാത്രക്കാര്‍ പരിഭ്രാന്തരായി. ഉത്തര്‍പ്രദേശില്‍ മഗധ് എക്‌സ്പ്രസിലാണ് സംഭവം. യാത്രക്കാര്‍ സംഭവം ഉടനെ റെയില്‍വെ അധികൃതരെ അറിയിച്ചു.
റെയില്‍വെ ജീനക്കാര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. ട്രെയിന്‍ ഇറ്റാവ റെയില്‍വെ സ്റ്റേഷനില്‍ എത്തിയതിനു പിന്നാലെ വിശദമായ തെരച്ചില്‍ നടത്തി. ട്രെയിന്‍ ഏറെ നേരം നിര്‍ത്തിയിട്ട് മുക്കിലും മൂലയിലും അടക്കം തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.ഏതായാലും പാമ്പിനെ കണ്ട എസി കോച്ച് വേര്‍പെടുത്തിയ ശേഷമാണ് ട്രെയിന്‍ ദില്ലിയിലേക്ക് പോയത്.
ഓടുന്ന ലോറിയില്‍ കൂറ്റൻ പെരുമ്പാമ്പ്, ഇറങ്ങിയോടി ഡ്രൈവർ
ഓടിക്കൊണ്ടിരുന്ന ലോറിയുടെ ക്യാബിനിലേക്ക് കൂറ്റന്‍ പെരുമ്പാമ്പ് ഇഴഞ്ഞുകയറി. പേടിച്ച ഡ്രൈവറും ക്ലീനറും നടുറോഡില്‍ വണ്ടി നിര്‍ത്തി ഇറങ്ങിയോടി. പിന്നാലെ പൊലീസെത്തി പാമ്പിനെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും പാമ്പ് തൊട്ടുത്ത ബൈക്കിലേക്ക് ചാടി അതില്‍ ചുറ്റി. ഗ്രേറ്റർ നോയിഡയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ജീവൻ പണയം വെച്ചാണ് പൊലീസുകാർ പെരുമ്പാമ്പിനെ പിടിച്ച് വനം വകുപ്പിന് കൈമാറിയത്.
ദില്ലിയില്‍ നിന്ന് ഗ്രേറ്റർ നോയിഡയിലെ കസാനയിലെ ഫാക്ടറിയിലേക്ക് പ്ലാസ്റ്റിക് സാധനങ്ങൾ കൊണ്ടുപോകുകയായിരുന്നു ലോറി. ക്യാബിനിനുള്ളിലേക്ക് ഒരു പെരുമ്പാമ്പ് വരുന്നത് ട്രക്ക് ഡ്രൈവർ രാംബാബു കണ്ടു. ഇതോടെ ഡ്രൈവറും സഹായി രവിയും വണ്ടി നിര്‍ത്തി ചാടിയിറങ്ങി പൊലീസിനെ വിളിക്കുകയായിരുന്നു.
ഇതോടെ റോഡ് ബ്ലാക്കായി. വൻ ജനക്കൂട്ടം സ്ഥലത്തെത്തി. ഇതിനിടെ പൊലീസും സ്ഥലത്തെത്തി. പെരുമ്പാമ്പിനെക്കുറിച്ച് പോലീസ് വനംവകുപ്പിനെ വിവരം അറിയിച്ചു. പക്ഷേ ആരും സ്ഥലത്തെത്തിയില്ല. ഇതിനുശേഷം പൊലീസ് ഒരു വിധത്തിൽ ട്രക്കിന്റെ ക്യാബിനിൽ നിന്ന് കയറിട്ട് പെരുമ്പാമ്പിനെ പുറത്തെടുക്കാന്‍ ശ്രമിച്ചു.
ട്രക്കിൽ നിന്ന് പുറത്തെടുത്തപ്പോഴേക്കും സമീപത്ത് പാർക്ക് ചെയ്‍തിരുന്ന മോട്ടോർ സൈക്കിളിലേക്ക് പാമ്പ് ചാടി. ഒരുവിധത്തിലാണ് പാമ്പിനെ ചാക്കില്‍ കയറ്റിയത്.
