Asianet News MalayalamAsianet News Malayalam

പൗരത്വഭേദഗതിക്കെതിരെ പ്രതിഷേധം: ഉത്തര്‍പ്രദേശില്‍ സാമൂഹ്യപ്രവര്‍ത്തക അറസ്റ്റില്‍

പ്രതിഷേധകര്‍ക്കെതിരെ ഒരുപറ്റം ആളുകള്‍ ക്രൂരമായ ആക്രമണം അഴിച്ചുവിടുമ്പോള്‍ പൊലീസ് ഉദാസീനരായി നോക്കിനില്‍ക്കുകയായിരുന്നുവെന്ന് വ്യക്തമാക്കുന്ന രണ്ട് വീഡിയോകള്‍ സദഫ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. 

social activist Sadaf Jafar arrested for Lucknow anti-CAA protests
Author
Lucknow, First Published Dec 22, 2019, 12:01 PM IST

ലക്നൗ: പൗരത്വഭേദഗതി നിയമത്തിനെതിരെ ഉത്തര്‍പ്രദേശില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായതിനെത്തുടര്‍ന്ന് 200 ലേറെ പേരെയാണ് സംസ്ഥാനത്തുനിന്ന് അറസ്റ്റ് ചെയ്തിരിക്കുന്നത്. സാമൂഹ്യപ്രവര്‍ത്തകയായ സദഫ് ജാഫറിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒടുവിലായി, ശനിയാഴ്ച വൈകുന്നേരത്ത് പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം സദഫ് ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. 

ഹസ്രത്ഗഞ്ജിലുണ്ടായ ആക്രമണങ്ങളില്‍ 34 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതില്‍ സദഫ് ജഫര്‍,  റിഹായ് മഞ്ജ് പ്രസിഡന്‍റായ അഭിഭാഷകന്‍ മൊഹമ്മദ് ഷൊയിബ്, സാമൂഹ്യപ്രവര്‍ത്തകനായ ദീപക് കബീര്‍ എന്നിവരും ഉള്‍പ്പെടും. പൊലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ സദഫ് ഫേസ്ബുക്കില്‍ ലൈവ് ചെയ്യുകയായിരുന്നു.

പരിവര്‍ത്തന്‍ ചൗക്കില്‍ നിന്നാണ് മറ്റ് പ്രതിഷേധകര്‍ക്കൊപ്പം സദഫിനെയും അറസ്റ്റ് ചെയ്തതെന്ന് ഹസ്രത്ഗഞ്ജ് പൊലീസ് ഓഫീസര്‍ ഡിപി കുശ്വാഹ പറഞ്ഞു. ഡിസെബര്‍ 19ന് നടന്ന പ്രതിഷേധത്തില്‍ അവരുടെ പങ്ക് വ്യക്തമാക്കുന്ന വീഡിയോകള്‍ തങ്ങളുടെ പക്കലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സദഫ് സര്‍ക്കാരിനെതിരെ ഒരു മുദ്രാവാക്യം പോലും വിളിച്ചിട്ടില്ലെന്നും ഭരണഘടനയില്‍ വിശ്വാസമുള്ളവളാണെന്നും സഹോദരി നഹീദ് വെര്‍മ്മ പറഞ്ഞു. 

പ്രതിഷേധകര്‍ക്കെതിരെ ഒരുപറ്റം ആളുകള്‍ ക്രൂരമായ ആക്രമണം അഴിച്ചുവിടുമ്പോള്‍ പൊലീസ് ഉദാസീനരായി നോക്കിനില്‍ക്കുകയായിരുന്നുവെന്ന് വ്യക്തമാക്കുന്ന രണ്ട് വീഡിയോകള്‍ സദഫ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. 

അതേസമയം പൗരത്വനിയമഭേദഗതിക്കെതിരായ പ്രതിഷേധം ആളിക്കത്തുന്ന ഉത്തർപ്രദേശിൽ സംഘർഷങ്ങളിൽ മരിച്ചവരുടെ എണ്ണം 18 ആയി. രാംപൂരിൽ ഇന്നലെ നടന്ന സംഘർഷത്തിൽ ഒരാൾ മരിച്ചു. സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുകയാണ്. വിവിധ നഗരങ്ങളിൽ ഇൻറർനെറ്റ് നിയന്ത്രണം പിൻവലിച്ചിട്ടില്ല. അതേസമയം, പ്രകടനങ്ങളില്‍ പങ്കെടുക്കുകയും അക്രമങ്ങള്‍ നടത്തുകയും ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങുകയാണ് സര്‍ക്കാര്‍. പ്രക്ഷോഭകരുടെ സ്വത്ത് കണ്ടുകെട്ടാൻ നടപടി ആരംഭിച്ചു.  

Follow Us:
Download App:
  • android
  • ios