ദില്ലി: പാര്‍ലമെന്‍റ് പരിസരം വൃത്തിയാക്കുന്നതിന്‍റെ ഭാഗമായി ചൂലുമായിറങ്ങിയ  ബിജെപി എംപി ഹേമമാലിനിയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള മുതല്‍ നിരവധി പേരാണ് പാര്‍ലമെന്‍റ് മന്ദിരത്തിന് മുന്നില്‍ ശുചീകരണത്തിനിറങ്ങിയ ഹേമമാലിനിയെയും മന്ത്രി അനുരാഗ് താക്കൂറിനെയും പരിഹസിച്ച് രംഗത്തെത്തിയത്. 

രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സ്ഥലമല്ലേ പാര്‍ലമെന്‍റ് പരിസരം എന്നാണ് ഹേമമാലിനി അടിച്ചുവാരുന്ന ചിത്രം പങ്കുവച്ച് ഒമര്‍ അബ്ദുള്ള ട്വീറ്റില്‍ പരിഹസിച്ചത്. മഥുര എംപിയെ ലക്ഷ്യം വച്ച് മറ്റൊന്നുകൂടി ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.  അടുത്ത ഫോട്ടോഷൂട്ടിന് മുമ്പ് എങ്ങനെ ചൂല് പിടിക്കണമെന്ന് രഹസ്യമായി പഠിക്കൂ എന്നായിരുന്നു അത്. 

ഇതാദ്യമായല്ല ഒമര്‍ അബ്ദുള്ള ഹേമമാലിനിയെ പരിഹസിക്കുന്നത്. ലോകസ്ഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഏപ്രിലില്‍, മഥുര മണ്ഡലത്തിലെ ഒരു വയലില്‍ ട്രാക്ടറില്‍ ഇരിക്കുന്ന ഹേമമാലിനിയുടെ ചിത്രം വൈറലായിരുന്നു. ഇതിനെ പരിഹസിച്ചും ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തിരുന്നു. 

ഇതിനുപുറമെ നിരവധി പേരാണ് ഹേമമാലിനിയെ കളിയാക്കി ട്വിറ്ററിലെത്തിയത്. അനുരാഗ് താക്കൂര്‍ ക്രിക്കറ്റിലുള്ള കഴിവും ഹേമമാലിനി തന്‍റെ അഭിനയത്തിലുള്ള കഴിവും പുറത്തെടുത്തുവെന്നാണ് ഒരു ട്വീറ്റ്.

 വിവേക് ഒബ്രോയ് സിനിമയ്ക്ക് നല്‍കിയ സംഭാവനയ്ക്ക് തുല്യമാണ് ഹേമമാലിനി ഈ ശുചീകരണത്തിന് നല്‍കിയതെന്ന് മറ്റൊരാള്‍ ട്വീറ്റ് ചെയ്തു. എങ്ങനെ അടിച്ചുവാരണമെന്നത് സ്കില്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഠിപ്പിക്കുമോ എന്നും ചിലര്‍ പരിഹസിച്ചു.