ദില്ലി: കൊവിഡ് 19 നെ നിയന്ത്രിക്കാന്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ദൂരദര്‍ശന്‍ ആദ്യകാല സീരിയലുകള്‍ വീണ്ടും സംപ്രേഷണം ചെയ്യാന്‍ ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി രാമായണം വീണ്ടും ചാനലില്‍ വന്നുതുടങ്ങി. ഇന്ന് രാമയണം കണ്ടുകൊണ്ടിരിക്കുന്ന തന്റെ ചിത്രം മന്ത്രി പ്രകാശ് ജാവദേക്കര്‍ ട്വീറ്റ് ചെയ്തിരുന്നു. ' ഞാന്‍ രാമായണം കാണുന്നു, നിങ്ങളോ' എന്ന ചോദ്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടാഗ് ചെയ്താണ് ജാവദേക്കര്‍ ട്വീറ്റ് ചെയ്തത്. 

ഇത് വിവാദമായതോടെ ട്വീറ്റ് ഡിലീറ്റ് ചെയ്ത ജാവദേക്കര്‍ താന്‍ വീട്ടില്‍ നിന്നും ജോലി ചെയ്യുന്നുവെന്ന് വ്യക്തമാക്കുന്ന ഫോട്ടോയും ക്യാപ്ഷനുമായി മറ്റൊരു ട്വീറ്റുമായി എത്തി. ജാവദേക്കര്‍ രാമായണം കാണുന്നുവെന്നും എന്നാല്‍ ആഹാരം പോലുമില്ലാതെയാണ് പലരും ഉറങ്ങുന്നതെന്നും വിമര്‍ശനവുമായി ചിലര്‍ രംഗത്തെത്തി. പ്രകാശ് ജാവദേക്കറെ നീറോയോട് ഉപമിച്ചാണ് ചിലര്‍ ട്വീറ്റ് ചെയ്തത്. പട്ടിണി കിടന്ന് കുട്ടി മുരിച്ചു. സാരമില്ല, നമുക്ക് രാമായണം കാണാം എന്നാണ് മറ്റൊരു ട്വീറ്റ്. 

വിമര്‍ശനങ്ങള്‍ കൂടിയതോടെയാണ് ജാവദേക്കര്‍ ട്വീറ്റ് ഡിലീറ്റ് ചെയ്ത് മറ്റൊരു ട്വീറ്റുമായെത്തിയത്. കൊവിഡ് കാലത്ത് വീട്ടിലിരുന്ന് ജോലി ചെയ്യുകയാണ് എന്ന് സൂചിപ്പിക്കുന്നതാണ് ഈ ട്വീറ്റ്. ജാവദേക്കര്‍ ആദ്യ ട്വീറ്റ് ഡിലീറ്റ് ചെയ്തപ്പോള്‍ ഇതിന്റെ സ്‌ക്രീന്‍ഷോട്ടുമായാണ് ആളുകള്‍ വിമര്‍ശിക്കുന്നത്.