രാജ്യത്തോടുള്ള കൂറും സ്നേഹവും വീരമൃത്യു വരിച്ച ജവാന്‍മാരോടുള്ള ആദരവും സാമൂഹിക മാധ്യമങ്ങളില്‍ വിളിച്ചുകൂവിയിട്ട് കാര്യമില്ലെന്ന്  ജമ്മു കശ്മീരിലെ ബുര്‍ദ്ഗാമില്‍ വീരമൃത്യു വരിച്ച ജവാന്‍റെ ഭാര്യ. 

ദില്ലി: രാജ്യത്തോടുള്ള കൂറും സ്നേഹവും വീരമൃത്യു വരിച്ച ജവാന്‍മാരോടുള്ള ആദരവും സാമൂഹിക മാധ്യമങ്ങളില്‍ വിളിച്ചുകൂവിയിട്ട് കാര്യമില്ലെന്ന് ജമ്മു കശ്മീരിലെ ബുര്‍ദ്ഗാമില്‍ വീരമൃത്യു വരിച്ച ജവാന്‍റെ ഭാര്യ. വീരമൃത്യു വരിച്ച ജവാന്‍ നിനാദ് മന്ദേവാഗ്നയുടെ ഭാര്യ വിജേത മന്ദേ വാഗ്നയാണ് ഇക്കാര്യം പറഞ്ഞത്. സാമൂഹിക മാധ്യമങ്ങളില്‍ യുദ്ധത്തിനായി മുറവിളി കൂട്ടുന്നവര്‍ അത് ദയവായി നിര്‍ത്തണം.

സിന്ദാബാദ് അല്ലെങ്കില്‍ മൂര്‍ദാബാദോ വിളിക്കുകയല്ല വേണ്ടത്. അതിന് ഒരു മാറ്റവും കൊണ്ടുവരാന്‍ സാധിക്കില്ല. നിങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യണമെന്ന് തോന്നുന്നെങ്കില്‍ അതില്‍ കഴിയുന്നവര്‍ സൈന്യത്തില്‍ ചേരുക. അതിന് കഴിയില്ലെങ്കില്‍ കുടുംബത്തിലുള്ളവരെ അതിന് പ്രേരിപ്പിക്കുക. 

അത്രയും സാധിക്കില്ലെങ്കില്‍ ചില കാര്യങ്ങള്‍ ചെയ്യുക... നിങ്ങളുടെ പരിസരം വൃത്തിയായി സൂക്ഷിക്കുക, പൊതു സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്താതിരിക്കുക, സ്ത്രീകളെ അപമാനിക്കാതിരിക്കുക, വര്‍ഗീയ വിദ്വേഷം പരാത്താതിരിക്കൂക, സ്വന്തം കുടുംബം സമാധാനത്തോടെ കഴിയുന്നു എന്നറിഞ്ഞാല്‍ അദ്ദേഹത്തിന് ആത്മാവിന് ശാന്തി ലഭിക്കുമെന്നും വിജേത പറഞ്ഞു. ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ സമാധാനം പുലരണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ബുധനാഴ്ചയാണ് കശ്മീരിലെ ബദ്ഗാമില്‍ എംഐ 17 അഞ്ച് സേനാ ഹെലികോപ്ടര്‍ തകന്ന് സ്ക്വാഡ്രന്‍ ലീഡര്‍ നിനാദ് വീരമൃത്യു വരിച്ചത്.