ദില്ലി: വെബിനാറില്‍ നിന്ന് ഹിന്ദി അറിയാത്ത ഡോക്ടര്‍മാരോട് പുറത്ത് പോകാന്‍ ആവശ്യപ്പെട്ടുവെന്ന ആരോപണത്തില്‍ വിശദീകരണവുമായി ആയുഷ് മന്ത്രാലയം. ആയുഷ് വെല്‍നെസ് കേന്ദ്രങ്ങളില്‍ നിയോഗിക്കപ്പെടാനുള്ളവര്‍ക്കായി നടത്തിയ പരിശീലനത്തിനിടെയാണ് ഹിന്ദി മനസിലാകാത്ത തമിഴ്നാട്ടിലെ ഡോക്ടര്‍മാരോട് പുറത്ത് പോകാന്‍ ആയുഷ് മന്ത്രാലയത്തിലെ സെക്രട്ടറി രാജേഷ് കോട്ടേച്ചാ ആവശ്യപ്പെട്ടതെന്നായിരുന്നു പരാതി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 350 പേരാണ് വെബിനാറില്‍ പങ്കെടുത്തത്. എന്നാല്‍ ക്ഷണിക്കപ്പെടാത്ത 60-70 പേര്‍ വെബിനാറില്‍ ഉണ്ടായിരുന്നുവെന്നും അവരാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കിയതെന്നുമാണ് ആയുഷ് മന്ത്രാലയത്തിലെ സെക്രട്ടറി രാജേഷ് കോട്ടേച്ചാ സിഎന്‍എന്‍ ന്യൂസ് 18 നോട് വ്യക്തമാക്കിയിരിക്കുന്നത്. 

താന്‍ സംസാരിക്കാന്‍ തുടങ്ങിയതോടെ ഇവര്‍ ബഹളമുണ്ടാക്കാന്‍ തുടങ്ങി. എന്തോ കൃത്രിമം നടന്നിട്ടുണ്ട്. തെമ്മാടികളേപ്പൊലെ അവര്‍ ശബ്ദമുണ്ടാക്കുകയും സംസാരം തടസപ്പെടുത്തുകയും ചെയ്ത അവര്‍ വെബിനാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് രാജേഷ് കോട്ടേച്ചാ സിഎന്‍എന്‍ പറയുന്നു. ഹിന്ദിയിലും ഇംഗ്ലീഷിലുമായി ആയിരുന്നു താന്‍ സംസാരിച്ചിരുന്നത്. തെമ്മാടികളേപ്പോലെ പെരുമാറിയ അവര്‍ ഇംഗ്ലീഷ് മാത്രം ഇംഗ്ലീഷ് മാത്രം എന്ന് പറഞ്ഞ് ബഹളമുണ്ടാക്കി വെബിനാറില്‍ തടസമുണ്ടാക്കുകയായിരുന്നു. എന്നാല്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി നിരവധിപ്പേര്‍ പങ്കെടുക്കുന്നതിനാല്‍ ഇംഗ്ലീഷില്‍ മാത്രമായി സംസാരിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞതിനെ വ്യാപകമായി ദുരുപയോഗം ചെയ്തുവെന്നും രാജേഷ് കോട്ടേച്ചാ പറയുന്നു. ഓഗസ്റ്റ് 18 മുതല്‍ 20 വരെ നടന്ന ആയുഷ് മന്ത്രാലയത്തിന്‍റെ വെബിനാറിനേക്കുറിച്ചായിരുന്നു വ്യാപക പരാതിയുയര്‍ന്നത്. 

ഹിന്ദി അറിയില്ല, തമിഴ് ഡോക്ടർമാരെ ആയുഷ് മന്ത്രാലയം വെബിനാറിൽ നിന്ന് പുറത്താക്കിയതായി പരാതി

തനിക്ക് ഇംഗ്ലീഷില്‍ സംസാരിക്കാന്‍ അറിയില്ല. അതിനാല്‍ ഹിന്ദിയില്‍ മാത്രമേ സംസാരിക്കാന്‍ സാധിക്കു. നിങ്ങള്‍ പുറത്ത് പൊയ്ക്കോളൂവെന്നാണ് രാജേഷ് കോട്ടേച്ചാ അറിയിച്ചതെന്നായിരുന്നു തമിഴ് ഡോക്ടര്‍മാരുടെ പരാതിയില്‍ പറഞ്ഞത്. തമിഴ്നാട്ടില്‍ നിന്ന് 37 പേരാണ് വെബിനാറിനായി എത്തിയത്. ഇവരില്‍ ആര്‍ക്കും ഹിന്ദി അറിയില്ലായിരുന്നു. എന്നാല്‍ വെബിനാറിലെ ഭൂരിഭാഗം സെഷനുകളിലേയും ഭാഷാ മാധ്യമം ഹിന്ദിയായിരുന്നെന്നാണ് ഡോക്ടര്‍മാര്‍ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് വിശദമാക്കിയിരുന്നു