ഗ്വാളിയാർ - ബറൗണി എക്സ്പ്രസിൽ റിസർവ് ചെയ്ത സീറ്റ് മറ്റൊരു യാത്രക്കാരൻ കൈവശപ്പെടുത്തിയെന്നും ടിടിഇ ഇടപെട്ടില്ലെന്നും യാത്രക്കാരന്‍റെ പരാതി. ട്രെയിനുകളിലെ തിരക്കും ടിക്കറ്റില്ലാ യാത്രക്കാരും വീണ്ടും ചർച്ചയാകുന്നു. 

ഗ്വാളിയാർ: ഇന്ത്യൻ റെയിൽവേയിലെ യാത്രാ പ്രശ്നങ്ങൾ വീണ്ടും സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നു. ട്രെയിനുകളിൽ യാത്രക്കാർ തിങ്ങിനിറയുന്നതും ടിക്കറ്റില്ലാത്ത യാത്രക്കാർ റിസർവ് ചെയ്ത സീറ്റുകൾ കൈവശപ്പെടുത്തുന്നതും പല യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്. ഇപ്പോൾ ഗ്വാളിയോർ - ബറൗണി എക്സ്പ്രസ് ട്രെയിനിലെ ദുരിതം പങ്കുവെച്ച് ഒരു യാത്രക്കാരൻ എക്സിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്.

സ്ലീപ്പർ കോച്ച് യാത്രക്കാരെക്കൊണ്ട് നിറഞ്ഞു കവിഞ്ഞതിന്‍റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. തന്‍റെ റിസർവ് ചെയ്ത സീറ്റ് മറ്റൊരു യാത്രക്കാരൻ കൈവശപ്പെടുത്തിയെന്നും, ഇത് സംബന്ധിച്ച് പരാതിപ്പെട്ടിട്ടും ടിക്കറ്റ് എക്സാമിനർ യാതൊരു നടപടിയും എടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു. "എന്‍റെ സീറ്റ് മറ്റൊരു യാത്രക്കാരൻ കൈവശപ്പെടുത്തിയിരിക്കുകയാണ്. ടിടിഇയോട് ആവശ്യപ്പെട്ടിട്ടും അദ്ദേഹം അത് ഒഴിപ്പിച്ച് തന്നില്ല" യാത്രക്കാരൻ കുറിച്ചു.

പരാതിയെ തുടർന്ന് ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക കസ്റ്റമർ സർവീസ് അക്കൗണ്ടായ 'റെയിൽവേ സേവ' പോസ്റ്റിന് മറുപടി നൽകി. പ്രശ്നം പരിഹരിക്കാനായി യാത്രക്കാരന്‍റെ പിഎൻആർ നമ്പറും മൊബൈൽ നമ്പറും ആവശ്യപ്പെട്ടു. "താങ്കൾക്ക് ഉണ്ടായ ദുരനുഭവത്തിൽ ഖേദിക്കുന്നു. ഉടൻ നടപടിയെടുക്കുന്നതിനായി താങ്കളുടെ പിഎൻആർ നമ്പറും മൊബൈൽ നമ്പറും ദയവായി മെസേജ് ചെയ്യുക. കൂടാതെ, വേഗത്തിൽ പരാതി പരിഹരിക്കുന്നതിനായി നിങ്ങൾക്ക് http://railmadad.indianrailways.gov.in എന്ന വെബ്സൈറ്റിലോ അല്ലെങ്കിൽ 139 എന്ന നമ്പറിലോ നേരിട്ട് പരാതി നൽകാവുന്നതാണ്" - റെയിൽവേ സേവയുടെ മറുപടിയിൽ പറയുന്നു.

ഇന്ത്യൻ റെയിൽവേയിലെ ഒരു പതിവ് പ്രശ്നമാണ് ഈ സംഭവം ഉയർത്തിക്കാട്ടുന്നത്. ജനറൽ കംപാർട്ട്‌മെന്‍റുകളിലെ തിരക്ക് കാരണം, റിസർവ് ചെയ്യാത്ത ടിക്കറ്റുകളുമായി വരുന്ന യാത്രക്കാർ സ്ലീപ്പർ കോച്ചുകളിലും എസി കോച്ചുകളിലും കയറുന്നത് പതിവായിട്ടുണ്ട്. ഇത് റിസർവ് ചെയ്ത സീറ്റുകൾക്കായി പണം നൽകിയ യാത്രക്കാർക്ക് വലിയ അസൗകര്യവും ബുദ്ധിമുട്ടും ഉണ്ടാക്കുന്നു.