ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിൽ വിസയ്ക്ക് അപേക്ഷിച്ചിട്ടും ലഭിച്ചിരുന്നില്ല. 

ലഖ്നൗ: പാകിസ്ഥാൻ സ്വദേശിനിയായ യുവതിയെ നിക്കാഹ് ചെയ്ത് ഉത്തർപ്രദേശിലെ ബിജെപി നേതാവിന്റെ മകൻ. ജോൻപൂരിൽ നിന്നുള്ള ബിജെപി കോർപ്പറേറ്ററായ തഹ്‌സീൻ ഷാഹിദിൻ്റെ മൂത്ത മകൻ മുഹമ്മദ് അബ്ബാസ് ഹൈദറാണ് ഇവരുടെ തന്നെ ബന്ധുവും ലാഹോർ സ്വദേശിനിയുമായ ആൻഡ്ലീപ് സഹ്‌റയെ നിക്കാഹ് ചെയ്തത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിൽ വിസയ്ക്ക് അപേക്ഷിച്ചിട്ടും ലഭിക്കാത്തതിനാൽ ഓൺലൈനിലൂടെയായിരുന്നു നിക്കാഹ് നടന്നത്. 

വിസ ലഭിക്കാത്തതിന് പുറമെ, സഹ്‌റയുടെ മാതാവ് റാണ യാസ്മിന്‍ സൈദിയെ അസുഖം മൂലം പാകിസ്ഥാനിലെ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചത് കൂടുതല്‍ വെല്ലുവിളിയായി. ഇതോടെയാണ് ഓണ്‍ലൈനായി നിക്കാഹ് നടത്താന്‍ കുടുംബങ്ങള്‍ തീരുമാനിച്ചത്. ഷിയാ മത നേതാവ് മൗലാന മഹ്ഫൂസുൽ ഹസൻ ഖാൻ ആണ് നിക്കാഹിന് നേതൃത്വം നൽകിയത്. വീഡിയോ കോൺഫറൻസിംഗിലൂടെ ഇരുകുടുംബങ്ങളും സന്തോഷം പങ്കുവെച്ചു. വേദിയിൽ ലാപ്‌ടോപ്പും എൽഇഡി സ്‌ക്രീനും സ്ഥാപിച്ചിരുന്നു. 

ഭാവിയിൽ തൻ്റെ ഭാര്യക്ക് ഇന്ത്യൻ വിസ ബുദ്ധിമുട്ടില്ലാതെ ലഭിക്കുമെന്ന് ഹൈദർ പ്രത്യാശ പ്രകടിപ്പിച്ചു. ബിജെപി എംഎൽസി ബ്രിജേഷ് സിം​ഗ് പ്രിഷുവും മറ്റ് അതിഥികളും വിവാഹ ചടങ്ങിൽ പങ്കെടുക്കുകയും വരൻ്റെ കുടുംബത്തെ അഭിനന്ദിക്കുകയും ചെയ്തു. 

READ MORE: വനമേഖലയിൽ തെരച്ചിൽ നടത്തുന്നതിനിടെ തണ്ടര്‍ബോള്‍ട്ട് സംഘാംഗത്തിന് പാമ്പു കടിയേറ്റു