സിബിഐ കേസ് ഏറ്റെടുത്തത് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം. കേന്ദ്ര ഏജൻസി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു

ദില്ലി: നടിയും ബിജെപി നേതാവുമായ സൊണാലി ഫോഗട്ടിന്റെ മരണം സിബിഐ അന്വേഷിക്കും. കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം കേസ് സിബിഐ ഏറ്റെടുത്തു. കേസ്, കേന്ദ്ര ഏജൻസി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കുടുംബം നേരത്തെ രംഗത്ത് വന്നിരുന്നു. ഹരിയാന മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ സോനാലിയുടെ കുടുംബം ഈ ആവശ്യം മുന്നോട്ടു വച്ചിരുന്നു. തുടർന്ന്, കേസ് സിബിഐക്ക് വിടാൻ ശുപാർശ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹരിയാന മുഖ്യമന്ത്രി, മനോഹർലാൽ ഖട്ടർ, ഗോവൻ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. 

സോനാലി ഫോഗട്ടിന്റെ മരണം: കേ‍ർലീസ് റസ്റ്റോറന്റ് പൊളിക്കാൻ നടപടിയുമായി ഗോവൻ സർക്കാർ, സ്റ്റേ ചെയ്ത് സുപ്രീം കോടതി

ഹരിയാനയിലെ ഹിസാറിൽ നിന്നുള്ള 42കാരിയായ ബിജെപി നേതാവ് ഒരു സംഘത്തോടൊപ്പം ഗോവയിലെ കേർലീസ് റസ്റ്റോറന്റിലെത്തിയത്. പിന്നീട് അഞ്ജുനയിലെ സെന്റ് ആന്റണി ഹോസ്പിറ്റലിൽ ഇവരെ കുഴഞ്ഞുവീണ നിലയില്‍ എത്തിക്കുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു. തുടക്കത്തിൽ ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ സോനാലി ഫോഗട്ട് മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് റസ്റ്റോറന്റിൽ വച്ച് ലഹരി പാർട്ടി നടത്തിയതിന്റെ ദൃശ്യങ്ങൾ പിന്നീട് പുറത്ത് വന്നു. സോനാലിയെ പേഴ്സണൽ അസിസ്റ്റന്റ് ലഹരി പാനീയം നിർബന്ധിച്ച് കുടിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. തുടർന്ന് പേഴ്സണൽ അസിസ്റ്റന്‍റും റസ്റ്റോറന്‍റ് ഉടമയുമെല്ലാം അറസ്റ്റിലായി. ഇവിടെ നിന്ന് പൊലീസ് ലഹരി മരുന്ന് പിടികൂടുകയും ചെയ്തിരുന്നു. 

സോനാലി ഫോഗട്ടിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് ഹരിയാന മുഖ്യമന്ത്രി; ഗോവ സർക്കാരിന് കത്തയക്കും

സൊനാലിയുടെ മരണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ വടക്കൻ ഗോവയിലെ റസ്റ്റോറന്‍റ് പൊളിച്ചു മാറ്റാനുള്ള നീക്കം കഴിഞ്ഞ ദിവസം സുപ്രീം കോടതി തടഞ്ഞിരുന്നു. അൻജുനയിലെ കേർലീസ് റസ്റ്റോറന്റ് പൊളിച്ചു നീക്കാനുള്ള നടപടികളാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. ചീഫ് ജസ്റ്റിസ് യു.യു.ലളിത് ഉൾപ്പെട്ട മൂന്നംഗ ബെഞ്ചാണ് റെസ്റ്റോറന്റ് പൊളിച്ചുമാറ്റാനുള്ള നീക്കം നിർത്തി വയ്ക്കാൻ ഗോവൻ സർക്കാരിന് നിർദേശം നൽകിയത്. അതേസമയം റസ്റ്റോറന്റിന്റെ പ്രവർത്തനം നിർത്തി വയ്ക്കാൻ കോടതി നിർദേശം നൽകി. എല്ലാ തരത്തിലുള്ള വാണിജ്യ പ്രവർത്തനങ്ങളും നിർത്തി വയ്ക്കാനാണ് നിർദേശം. ഗോവൻ സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.