ദില്ലിയിൽ പ്രതിഷേധിക്കാനെത്തിയ സിജെപി പ്രവർത്തകരെ വിട്ടയച്ചില്ലെങ്കിൽ നിരാഹാര സമരം തുടങ്ങുമെന്ന് സോനം വാങ് ചുക്ക് മുന്നറിയിപ്പ് നൽകി.
ദില്ലി: ദില്ലിയിൽ പ്രതിഷേധിക്കാനെത്തി കസ്റ്റഡിയിലെടുത്ത സിജെപി പ്രവർത്തകരെ വിട്ടയച്ചില്ലെങ്കിൽ നിരാഹാര സമരമെന്ന് സാമൂഹ്യപ്രവർത്തകൻ സോനം വാങ് ചുക്ക്. അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് നിലവിലുള്ളതെന്നും പ്രവർത്തകരെ വിട്ടയച്ചില്ലെങ്കിൽ നിരാഹാര സമരമോ പദയാത്രയോ നടത്തുമെന്നും സോനം വാങ് ചുക്ക് പറഞ്ഞു. നേരത്തെ, മുൻ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനെതിരെ സോനം വാങ് ചുക്ക് നിരാഹാര സമരം നടത്തിയിരുന്നു. ഇന്ന് രാവിലെയാണ് ജന്തർ മന്തറിലേക്ക് കോക്ക്റോച്ച് ജനത പാർട്ടി പ്രഖ്യാപിച്ച മാർച്ച് സർവ്വ സന്നാഹങ്ങളുമായി ദില്ലി പൊലീസ് തടഞ്ഞത്. മാർച്ചിനെത്തിയ സിജെപി നേതാക്കളായ അഭിജീത് ദിപ്കെ, അശുതോഷ് രാൻക, സൗരവ് ദാസ് എന്നിവരെ വിമാനത്തിനുള്ളിൽ നിന്നും നാടകീയമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റിനെതിരെ സിജെപി കോടതിയെ സമീപിച്ചു. ജന്തർമന്തറിലേക്ക് തിരിച്ച മൂവായിരത്തിലധികം പ്രതിഷേധക്കാരെ പൊലീസ് പല സ്ഥലങ്ങളിൽ കസ്റ്റഡിയിൽ എടുത്തു.
ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചായിരുന്നു പൊലീസിന്റെ പ്രതീക്ഷിച്ച നീക്കം. 10.20 ഓടെ മുംബൈ - ദില്ലി എയർ ഇന്ത്യ വിമാനത്തിലേക്ക് ദില്ലി പൊലീസ് ഇരച്ചു കയറി. 15 മിനിറ്റിനകം സിജെപി നേതാക്കാളായ അഭിജീത് ദിപ്കെ, അശുതോഷ് രാൻക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്തു. 11 മണിയോടെ മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് പ്രത്യേക വാഹനത്തിൽ പൊലീസ് പുറത്തെത്തി. സിജെപി നേതാക്കളെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. നേതാക്കൾ ഇല്ലാതെയും പ്രതിഷേധം തുടരുമെന്ന് സിജെപി വ്യക്തമാക്കി. ഭരണകൂടം പ്രതിഷേധത്തെ അടിച്ചമർത്തുകയാണെന്നും രാജ്യവ്യാപകമായി പ്രതിഷേധിക്കുമെന്നും സിജെപി വാർത്താക്കുറിപ്പിലൂടെ പറഞ്ഞു. പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയ പ്രശസ്ത യൂട്യൂബർ ദ്രുവ് റാത്തിയെ ഗുരുഗ്രാം പൊലീസ് രാവിലെ വീട്ടിലെത്തി കസ്റ്റഡിയിൽ എടുത്തു. സിജെപി അഭിഭാഷക സംഘടന നേതാവ് രത്ന സിംഗും ദേശീയ വക്താവ് സിദ്ധാന്തും അറസ്റ്റിലായി. അറസ്റ്റിനെതിരെ സിജെപി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. ഹൈക്കോടതിയിലേക്ക് പോകുന്നതും സിജെപി ആലോചിക്കുകയാണ്. സിജെപി ദേശീയ സമിതി അംഗം അജിൻക്യ ഷിൻഡെയുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുമെന്ന് അറിയിച്ച് അഭിജിത് ദീപ്കെ റെക്കോഡ് ചെയ്ത വിഡിയോ സിജെപി പുറത്തു വിട്ടു.
സുദേശ് എന്ന വനിത ആക്ടിവിസ്റ്റിനെ ജന്തർമന്തർ ഭാഗത്തു നിന്നാണ് പൊലീസ് അറസ്റ്റു ചെയ്തു നീക്കിയത്. പൊലീസിൻ കണ്ണു വെട്ടിച്ച് ഇവിടെയെത്തിയ സുദേശ് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ തൂക്കിയെടുത്തു കൊണ്ടു പോകുകയായിരുന്നു. സാമൂഹ്യപ്രവർത്തകൻ
ഴോങ് ദ്രെ അടക്കം നാലു പേരെയും ജന്തർ മന്തറിലേക്ക് പോകുന്നതിനു മുമ്പ് പൊലീസ് തടഞ്ഞ് കസ്റ്റഡി കേന്ദ്രങ്ങളിലേക്ക് മാറ്റി. ഐഷി ഘോഷ്, അപരാജിത രാജ എന്നിവരും കസ്റ്റഡിയിലാണ്. പൊലീസ് കസ്റ്റഡിയിലായവരുടെ എണ്ണം മൂവായിരം കടന്നു. ജന്തർമന്തറിലേക്ക് ഒരാൾ പോലും എത്താത്ത രീതിയിൽ പൊലീസ് കോട്ട കെട്ടി അടച്ചു. അഞ്ച് തട്ടുള്ള ബാരിക്കേഡാണ് അശോക റോഡിൽ നിന്ന് ജന്തർമന്തറിലേക്ക് പോകുന്ന റോഡിൽ സ്ഥാപിച്ചത്. ജന്തർമന്തറിലേക്ക് കൊണാട്ട് പ്ളെയിസ് , വിൻഡ്സർ സർക്കിൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രവേശനവും തടഞ്ഞിരിക്കുകയാണ്. നിരവധി പേരെ സൻസദ് മാർഗ്, മണ്ഡി ഹൗസ്, റീഗൽ സിനിമ, മിൻറോ റോഡ് തുടങ്ങിയ ഇടങ്ങളിൽ നിന്നാണ് അറസ്റ്റു ചെയ്തത്. സിപി ഇന്നർ സർക്കിളിൽ നിന്ന് പ്രതിഷേധക്കാരെ നീക്കിയത് സംഘർഷത്തിന് ഇടയാക്കി.
പ്രതിഷേധത്തെ പിന്തുണച്ച ഒരുവിഭാഗം അഭിഭാഷകരെയും പൊലീസ് തടഞ്ഞു. സുപ്രീം കോടതി പരിസരത്ത് നിന്നും ജന്തർ മന്തറിലേക്കായിരുന്നു മാർച്ച്. തല്ക്കാലം ദില്ലിയിൽ വൻ സംഘർഷമില്ലാതെ ഇന്നത്തെ പ്രതിഷേധം നിയന്ത്രിക്കാൻ പൊലീസിന് കഴിഞ്ഞു. വരും ദിവസങ്ങളിലും ജന്തർമന്തറിലേക്കുള്ള പ്രവേശനം വിലക്കിയുള്ള സന്നാഹം ദില്ലി പൊലീസിന് തുടരേണ്ടി വരും.



