സോൻഭദ്ര: ഉത്തർപ്രദേശിലെ സോൻഭദ്രയിൽ നടന്ന വെടിവെപ്പിന് ഉത്തരവാദികൾ കോൺഗ്രസെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വെടിവെപ്പ് യുപി സർക്കാരിനെതിരായ ''വൻ രാഷ്ട്രീയ ഗൂഢാലോചന''യാണെന്നും, പ്രതിപക്ഷത്തിന്‍റെ ''കർഷക, ദളിത് വിരുദ്ധ'' മുഖം വെളിപ്പെടുകയാണ് ഇതിലൂടെയെന്നാണ് യോഗിയുടെ ആരോപണം. സംഭവത്തിന് ഉത്തരവാദി കോൺഗ്രസാണെന്നും, കേസിലെ പ്രധാന പ്രതികൾ എസ്‍പി പ്രവർത്തകരാണെന്നും യോഗി ആദിത്യനാഥ് വിമർശിച്ചു. പ്രിയങ്ക ഗാന്ധിയുടെ സന്ദർശനത്തിന് പിന്നാലെ ഇന്ന് യോഗി ആദിത്യനാഥ് സോൻഭദ്രയിലെത്തി കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കണ്ടു. 

സോന്‍ഭദ്രയിലെ വിവാദ ഭൂമി 1955-ല്‍ ഒരു ട്രസ്റ്റിന് കൈമാറിയതാണ്. എന്നാല്‍ 1989-ല്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇടപെട്ട് ഭൂമി സ്വകാര്യ വ്യക്തികൾക്ക് നല്‍കി. ഭൂമി പിടിച്ചെടുക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അന്നു മുതലാണ് തുടങ്ങിയതെന്നാണ് യോഗി ആദിത്യനാഥ് പറയുന്നത്. ഏറ്റവുമൊടുവില്‍ 36 ഏക്കര്‍ ഭൂമി പിടിച്ചടെുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവെപ്പിൽ കലാശിച്ചത്.

വെടിവെപ്പ് കേസിലെ മുഖ്യപ്രതി ഗ്രാമത്തലവനായ യഗ്യ ദത്ത് സമാജ് വാദി പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനാണെന്ന് യോഗി ആരോപിച്ചു. പ്രിയങ്കയുടെ പ്രതിഷേധം രാഷ്ട്രീയ മുതലെടുപ്പായിരുന്നുവെന്ന് വിമര്‍ശിച്ച യോഗി അവര്‍ മുതലക്കണ്ണീരൊഴുക്കുകയായിരുന്നുവെന്നും പരിഹസിച്ചു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നേരത്തെ പ്രഖ്യാപിച്ച സഹായധനം അഞ്ചില്‍ നിന്ന്  18 ലക്ഷം രൂപയായി ഉയര്‍ത്തിയെന്ന് യുപി സർക്കാർ പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് രണ്ടരലക്ഷം രൂപ വീതവും നല്‍കും. ഒന്നരമണിക്കൂര്‍ നേരം യോഗി മരിച്ചവരുടെ കുടുംബാംഗങ്ങളുമായി ചെലവഴിച്ചു.

പക്ഷേ, ഇതിലെല്ലാമുപരി, വെടിവെപ്പ് നടന്ന് ദിവസങ്ങളായിട്ടും സോന്‍ഭദ്രയിലേക്ക് തിരി‍ഞ്ഞു നോക്കാതിരുന്ന യോഗിയെ അവിടേക്ക് എത്തിച്ചത് പ്രിയങ്കയുടെ പ്രതിഷേധം ഉയര്‍ത്തിയ സമ്മര്‍ദ്ദം തന്നെയാണ്. കോണ്‍ഗ്രസിന് കിട്ടാവുന്ന  രാഷ്ട്രീയ നേട്ടം കൂടി മുന്‍കൂട്ടി കണ്ട് ബിജെപി കേന്ദ്ര നേതൃത്വം  ഇടപെട്ടാണ് യോഗി ആദിത്യനാഥിനെ അടിയന്തരമായി സോന്‍ഭദ്രക്കയച്ചത്.