ദില്ലി: കോൺഗ്രസ് ഇടക്കാല പ്രസിഡന്‍റ് സോണിയാ ഗാന്ധിയെ ദില്ലിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദില്ലിയിലെ സർ ഗംഗാറാം ആശുപത്രിയിലാണ് സോണിയാ ഗാന്ധിയുള്ളത്. 

വൈകിട്ടോടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടർന്ന് ഉടൻ അവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അവരെ പരിശോധിച്ച ഡോക്ടർമാർ നിരീക്ഷണത്തിനായി അഡ്മിറ്റ് ചെയ്യാൻ നിർദേശിക്കുകയായിരുന്നു.

ഒപ്പം മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമുണ്ട്. ഉദരസംബന്ധമായ അസുഖങ്ങളെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം. ഒപ്പം പനിയും ശ്വാസതടസ്സവുമുണ്ട്. 73-കാരിയാണ് സോണിയ. 

എന്നാൽ പതിവ് പരിശോധനകൾക്കായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്.