ദില്ലി: പാര്‍ട്ടിയിൽ തിരുത്തൽ ആവശ്യപ്പെട്ട് കത്തയച്ച നേതാക്കളുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ഇന്ന് ചര്‍ച്ച നടത്തും. രാവിലെ പത്ത് മണിക്കാണ് ചര്‍ച്ച. അതേസമയം, കോൺഗ്രസിൽ നേതാവ് ആരെന്നതിൽ ആശയക്കുഴപ്പമില്ലെന്ന് എഐസിസി. കത്തെഴുതിയവരുമായുള്ള നിർണ്ണായക യോഗത്തിന് മുമ്പാണ് എഐസിസി നിലപാട് വ്യക്തമാക്കിയത്. രാഹുൽ അദ്ധ്യക്ഷനാകാൻ നൂറ് ശതമാനം യോഗ്യനെന്ന് എഐസിസി വ്യക്തമാക്കി. 

ഗുലാംനബി ആസാദിന്‍റെ നേതൃത്വത്തിൽ 23 നേതാക്കളാണ് നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്ത് നൽകിയത്. തുടക്കത്തിൽ പ്രവർത്തകസമിതി ചേർന്ന് കത്തിയിലെ നിര്‍ദ്ദേശങ്ങൾ തള്ളിയിരുന്നു. എന്നാൽ ബീഹാറിലും ഇപ്പോൾ കേരളത്തിലുമൊക്കെ തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് ഒത്തുതീര്‍പ്പ് നീക്കങ്ങൾ ഉണ്ടാകുന്നത്. കത്തെഴുതിയ നേതാക്കളിൽ എട്ടുപേര്‍ യോഗത്തിൽ പങ്കെടുക്കുമെന്നാണ് സൂചന.

അതിനിടെ, കോൺഗ്രസ് തുഴയാനാളില്ലാത്ത വള്ളമെന്ന് വിമര്‍ശിച്ച് ആർജെഡി രംഗത്തെത്തി. രാഹുലിന് നയിക്കാൻ കെല്‍പ്പില്ലെന്ന് ആർജെഡി നേതാവ് ശിവാനന്ദ് തിവാരി വിമര്‍ശിച്ചു.