ദില്ലി: കോണ്‍ഗ്രസ് ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തും. പ്രകടനപത്രികയിലെ വാഗ്ദാനങ്ങളായ ന്യായ്, വിവിധ കര്‍ഷക പദ്ധതികള്‍ അടക്കമുള്ളവ നടപ്പിലാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് യോ​ഗം ചേരുന്നത്.

മാതൃകാ ഭരണം എന്ന രീതിയിലേക്ക് സര്‍ക്കാരുകളെ വളര്‍ത്താനാണ് നീക്കം. പിസിസികളിലെ തര്‍ക്കം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന തരത്തില്‍ വളര്‍ന്ന മധ്യപ്രദേശ്, രാജ്യസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുമായി സോണിയ ഗാന്ധി പ്രത്യേകം കൂടിക്കാഴ്ച നടത്തും.

അതേസമയം, വ്യാഴാഴ്ച ദില്ലിയിൽ ചേർന്ന നേതൃയോഗത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷവിമർശനമാണ് സോണിയ ​ഗാന്ധി ഉന്നയിച്ചത്. കോൺഗ്രസ് നേതാക്കളുടെ പ്രവര്‍ത്തന ശൈലിയിൽ സോണിയ കടുത്ത അതൃപ്തി രേഖപ്പെടുത്തി. ജനകീയ അടിത്തറ ഇല്ലാത്ത നേതാക്കൾ പാര്‍ട്ടിക്ക് ബാധ്യതയാണെന്നും സമൂഹ മാധ്യമങ്ങളിൽ മാത്രം പ്രതികരിച്ചാൽ പോരാ ജനകീയ വിഷയങ്ങളിൽ നേതാക്കൾ നേരിട്ട് ഇടപെടണമെന്നും സോണിയ ഗാന്ധി പറഞ്ഞു.