ഇറാഖിനും അമേരിക്കയ്ക്കും ഒരുപോലെ വിജയകരമായ സംഭവമാണിതെന്നും, ഐഎസിനെതിരെയുള്ള നിർണായകമായ നേട്ടമാണ് ഇതെന്നും ട്രംപ്

ന്യൂയോർക്ക്: ഇറാഖിൽ നിന്നുള്ള യുഎസ് സൈനികരുടെ പിൻവാങ്ങൽ പൂർത്തിയായതായി പെന്റഗൺ. ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള അമേരിക്കൻ ദൗത്യം ആരംഭിച്ച് 14 വർഷങ്ങൾക്ക് ശേഷമാണ് പെന്റഗണിന്റെ ഔദ്യോഗിക പ്രഖ്യാപനമെത്തുന്നത്. ഐഎസിനെതിരായ ദൗത്യം ആരംഭിച്ച് 12 വർഷത്തിന് ശേഷമായിരുന്നു പിന്മാറ്റ കരാറിൽ ഒപ്പുവച്ചത്. കരാർ നിലവിൽ വന്ന് രണ്ട് വർഷങ്ങൾക്ക് ശേഷമാണ് പൂർണമായ പിന്മാറ്റം സാധ്യമായത്. ഇറാഖിൽ ഐഎസിനെ പരാജയപ്പെടുത്തിയ സൈനിക ദൗത്യത്തിന്റെ വിജയകരമായ പൂർത്തീകരണമാണ് ഈ പിന്മാറ്റമെന്നാണ് പെന്റഗൺ പ്രസ്താവനയിൽ വിശദമാക്കുന്നത്. ഇറാഖിന്റെ മണ്ണിൽ നിന്ന് ഐഎസ് ഇനി ഒരിക്കലും തിരിച്ചുവരില്ലെന്ന് ഉറപ്പാക്കാൻ ഇറാഖിന് ആവശ്യമായ പരിശീലനവും രഹസ്യാന്വേഷണ സഹായങ്ങളും തുടർന്നും നൽകുമെങ്കിലും ഭീകരവാദികളെ നേരിടുന്നതിന്റെ ഉത്തരവാദിത്തം ഇനി ഇറാഖ് സർക്കാരിനാണെന്നാണ് പെന്റഗൺ വിശദമാക്കിയത്.

ഇറാഖ് യുദ്ധത്തെ വളരെ മോശം തീരുമാനങ്ങളുടെ ഫലമായുണ്ടായ ഒരു വലിയ ചതിക്കുഴിയായാണ് വിശേഷിപ്പിച്ചത് ട്രംപ് വിശേഷിപ്പിച്ചത്.അതിനാൽ ഈ പിന്മാറ്റത്തെ അമേരിക്കയ്ക്ക് ലഭിച്ച വലിയ വിജയമെന്നാണ് ട്രംപ് ബുധനാഴ്ച വിശദമാക്കിയത്. ഇറാഖിനും അമേരിക്കയ്ക്കും ഒരുപോലെ വിജയകരമായ സംഭവമാണിതെന്നും, ഐഎസിനെതിരെയുള്ള നിർണായകമായ നേട്ടമാണ് ഇതെന്നും ട്രംപ് പറഞ്ഞു. അഫ്ഗാനിസ്ഥാൻ പിന്മാറ്റത്തിന് വിപരീതമായി എല്ലാ സൈനിക ഉപകരണങ്ങളും തിരികെ കൊണ്ടുവന്നതായി ട്രംപ് വിശദമാക്കി. ഇറാഖിലെ പുതിയ പ്രധാനമന്ത്രിക്ക് ആശംസകൾ അറിയിക്കുന്നതായും ട്രംപ് വിശദമാക്കി.

2003ൽ സദ്ദാം ഹുസൈന്റെ ഭരണത്തിന് അന്ത്യം കുറിക്കാൻ ആരംഭിച്ച അമേരിക്കൻ അധിനിവേശം വലിയ തോതിലുള്ള വംശീയ കലാപങ്ങൾക്കും ലക്ഷക്കണക്കിന് സാധാരണക്കാരുടെ മരണത്തിനും ഐഎസിന്റെ ഉദയത്തിനും കാരണമായിരുന്നു. 2011ൽ യുഎസ് സൈന്യം പൂർണ്ണമായും പിന്മാറിയെങ്കിലും 2014ൽ ഐഎസ് ഇറാഖിലെ പ്രധാന നഗരങ്ങൾ പിടിച്ചെടുത്തതോടെ അമേരിക്കൻ നേതൃത്വത്തിലുള്ള സഖ്യസേനയ്ക്ക് വീണ്ടും അവിടെ ഇടപെടേണ്ടി വന്നു. തുടർന്ന് 2024ൽ ജോ ബൈഡൻ ഭരണകൂടത്തിന്റെ കാലത്താണ് സഖ്യസേനയുടെ പ്രവർത്തനം ഘട്ടംഘട്ടമായി അവസാനിപ്പിക്കാൻ ഇറാഖും അമേരിക്കയും തമ്മിൽ ധാരണയിലെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം