പൂനെയിലെ നാവലെ ബ്രിഡ്ജിൽ നടന്ന വലിയ അപകടത്തെ തുടർന്ന് 30 കി.മീ ആയി കുറച്ച വേഗപരിധി, ട്രാഫിക് പോലീസ് 40 കി.മീ ആയി ഉയർത്തി. റോഡിൻ്റെ ഘടനാപരമായ പ്രശ്നങ്ങളും ഗതാഗത ഡാറ്റയും വിശകലനം ചെയ്താണ് ഈ തീരുമാനം.
പൂനെ: നവംബർ 13-ന് എട്ട് പേർ മരിക്കുകയും 20-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത വലിയ അപകടത്തെ തുടർന്ന് 30 കിലോമീറ്ററായി കുറച്ച വേഗപരിധി പരിഷ്കരിച്ച് പൂനെ സിറ്റി ട്രാഫിക് പോലീസ്. ഇപ്പോൾ 40 കിലോമീറ്ററായാണ് വേഗപരിധി പരിഷ്കരിച്ചിരിക്കുന്നത്. റോഡിൻ്റെ ഘടനാപരമായ പ്രശ്നങ്ങളെക്കുറിച്ച് നടത്തിയ അവലോകനത്തിനും ഗതാഗത ഡാറ്റ വിശകലനം ചെയ്തതിനും ശേഷമാണ് വേഗപരിധി ഉയർത്തിയത്. പൂനെ-ബാംഗ്ലൂർ ഹൈവേയിലെ കാത്രജ്-ദേഹു റോഡ് ബൈപ്പാസിലുള്ള നാവലെ ബ്രിഡ്ജ് ഭാഗത്താണ് നവംബർ 13 വൈകുന്നേരം അമിത വേഗതയിലെത്തിയ ട്രക്ക് നിരവധി വാഹനങ്ങളുമായി കൂട്ടിയിടിച്ച് വൻ അപകടമുണ്ടായത്. അപകടത്തിന് ദിവസങ്ങൾക്കു ശേഷമാണ് പൂനെ സിറ്റി പൊലീസ് വേഗപരിധി മണിക്കൂറിൽ 30 കിലോമീറ്ററായി കുറച്ചത്. ട്രാഫിക് വിഭാഗം ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് ഹിമ്മത് ജാദവ് അറിയിച്ചതനുസരിച്ച്, 30 കിമീ വേഗപരിധി ഏർപ്പെടുത്തിയ ശേഷം സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിച്ചിരുന്നു. ഒരു അന്താരാഷ്ട്ര ട്രാഫിക് ഡാറ്റാ മോണിറ്ററിംഗ് ഏജൻസി നൽകിയ ഡാറ്റയുടെ അടിസ്ഥാനത്തിൽ റോഡിൻ്റെ ഘടനാപരമായ പ്രശ്നങ്ങളും ട്രാഫിക് പ്രശ്നങ്ങളും വിശദമായി വിശകലനം ചെയ്തു. ഈ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് വേഗപരിധി 40 കി.മീറ്ററായി ഉയർത്താൻ തീരുമാനമെടുത്തത്.
മോട്ടോർ വാഹന നിയമം അനുസരിച്ചുള്ള അധികാരം ഉപയോഗിച്ച്, കാത്രജ് ന്യൂ ടണലിനും നാവലെ ബ്രിഡ്ജിനും ഇടയിലുള്ള കാത്രജ് ഔട്ടർ ബൈപ്പാസ് റോഡിൽ (ഭുംകർ ബ്രിഡ്ജ് മുതൽ നാവലെ ബ്രിഡ്ജ് വരെ) പരമാവധി വേഗപരിധി 40 കിലോമീറ്ററാക്കി നിജപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ഡിസിപി
പുറത്തിറക്കി. ആംബുലൻസ്, ഫയർഫോഴ്സ്, പോലീസ് തുടങ്ങിയ അടിയന്തര സേവന വാഹനങ്ങളെ ഈ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുതിയ ഉത്തരവ് 2025 ഡിസംബർ 4 മുതൽ പ്രാബല്യത്തിൽ വരും. ഈ റൂട്ടിലെ മുൻ വേഗപരിധിയുമായി ബന്ധപ്പെട്ട ഉത്തരവുകളെല്ലാം റദ്ദാക്കിയിട്ടുണ്ട്.
വാഹനമോടിക്കുന്നവർ സ്ഥിരമായി സ്പീഡോമീറ്റർ പരിശോധിക്കാനും റോഡ് അടയാളങ്ങൾ ശ്രദ്ധിക്കാനും ട്രാഫിക് വകുപ്പ് നിർദ്ദേശിച്ചു. സി.സി.ടി.വി. സംവിധാനങ്ങളും സ്പീഡ് ഗണ്ണുകളും ഉപയോഗിച്ച് നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. സുഗമവും സുരക്ഷിതവുമായ ഗതാഗതത്തിനായി സഹകരിക്കണമെന്ന് പൂനെ സിറ്റി ട്രാഫിക് ബ്രാഞ്ച് പൗരന്മാരോട് അഭ്യർത്ഥിച്ചു. നൽകിയിട്ടുള്ള വിവരങ്ങൾ അനുസരിച്ച്, നവംബർ 13-ന് നാവലെ ബ്രിഡ്ജിൽ നടന്ന അപകടത്തിൻ്റെ പ്രധാന കാരണം അമിത വേഗതയിലായിരുന്ന ട്രക്ക് മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചതാണ്.
അപകട കാരണങ്ങളെക്കുറിച്ചുള്ള വിശകലനം
പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, ട്രക്ക് അമിത വേഗതയിലായിരുന്നു. ഇറക്കത്തിൽ ഇന്ധനം ലാഭിക്കുന്നതിനായി ഡ്രൈവർ ന്യൂട്രൽ ഗിയറിലേക്ക് മാറ്റിയിരിക്കാൻ സാധ്യതയുണ്ടെന്നും, ഇത് നിയന്ത്രണം നഷ്ടപ്പെടാൻ കാരണമായെന്നും ആര്‍ടിഒ ചൂണ്ടിക്കാട്ടിയിരുന്നു. അപകടം നടന്ന നാവലെ ബ്രിഡ്ജിലേക്കുള്ള പാതയിൽ കുത്തനെയുള്ള ഇറക്കം ഉണ്ട്. ന്യൂ കാത്രജ് ടണലിൽ നിന്ന് ബ്രിഡ്ജിലേക്കുള്ള ഈ കുത്തനെയുള്ള ചരിവാണ് പല അപകടങ്ങൾക്കും കാരണം. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, നിലവിലെ ചരിവ് 4.3 ശതമാനം ആണ്, ഇത് 3 ശതമാനം, അല്ലെങ്കിൽ അതിലും കുറവായിരിക്കണം. അമിത ഭാരം കയറ്റിയ ട്രക്കുകൾ ഈ ഇറക്കത്തിൽ നിയന്ത്രണം വിട്ട് ഓടുന്നതും, തുടർന്നുണ്ടാകുന്ന ബ്രേക്ക് തകരാറുകളുമാണ് ഇവിടെ പതിവായ അപകടങ്ങൾക്ക് കാരണം. തുടർച്ചയായ ബ്രേക്കിംഗ് കാരണം ബ്രേക്ക് പരാജയപ്പെടാനുള്ള സാധ്യത വർധിക്കുന്നു. സർവീസ് റോഡ് ഹൈവേ ട്രാഫിക്കുമായി നേരിട്ട് ലയിക്കുന്നതിലെ പ്രശ്നങ്ങളും സിഗ്നലുകളുടെ അഭാവവും ഈ പ്രദേശം അപകട സാധ്യതയുള്ള മേഖലയായി തുടരുന്നതിന് കാരണമാകുന്നുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.


