Asianet News MalayalamAsianet News Malayalam

ഇന്ത്യ കണ്ണുരുട്ടി, ശ്രീലങ്ക ഉടക്കിട്ടു; ചൈനീസ് ചാരക്കപ്പൽ ഉടൻ ഹംമ്പൻതോട്ട തുറമുഖത്തെത്തില്ല

ചൈനീസ് ബഹിരാകാശ പേടക ട്രാക്കിംഗ് കപ്പലായ യുവാൻ വാങ് 5 ​ഗവേണഷത്തിനായാണ് എത്തുന്നതെന്നാണ് ചൈന പറയുന്നത്. എന്നാൽ, ചൈനയുടേത് ചാരക്കപ്പലാണെന്നാണ് ഇന്ത്യയുടെ ആശങ്ക.

Sri Lanka asks China to defer spy ship Yuan Wang 5's visit at Hambantota
Author
New Delhi, First Published Aug 6, 2022, 6:32 PM IST

ദില്ലി: ഇന്ത്യയുടെ സമ്മർദ്ദത്തിന് പിന്നാലെ ചൈനീസ് ​ഗവേഷണ കപ്പലായ യുവാൻ വാങ് 5 ഹമ്പൻതോട്ട തുറമുഖത്ത് എത്തുന്നത് മാറ്റിവെക്കണമെന്ന് ചൈനയോട് ശ്രീലങ്ക.  ഈ വിഷയത്തിൽ കൂടുതൽ കൂടിയാലോചനകൾ വേണമെന്നും തീരുമാനം ഉണ്ടാകുന്നത് വരെ തുറമുഖത്ത് ഗവേഷണ കപ്പലായ യുവാൻ വാങ് 5 എത്തുന്നത് മാറ്റിവെക്കണമെന്ന് ശ്രീലങ്കൻ സർക്കാർ ചൈനീസ് സർക്കാരിനെ അറിയിച്ചു. 
ചൈനീസ് ബഹിരാകാശ പേടക ട്രാക്കിംഗ് കപ്പലായ യുവാൻ വാങ് 5 ​ഗവേണഷത്തിനായാണ് എത്തുന്നതെന്നാണ് ചൈന പറയുന്നത്. എന്നാൽ, ചൈനയുടേത് ചാരക്കപ്പലാണെന്നാണ് ഇന്ത്യയുടെ ആശങ്ക. തുടർന്നാണ് കപ്പൽ എത്തുന്നത് സംബന്ധിച്ച് ഇന്ത്യ ശ്രീലങ്കയെ ആശങ്ക അറിയിച്ചത്.  ജൂലൈ 13 ന് ചൈനയിലെ ജിയാങ്‌യിനിൽ നിന്ന് പുറപ്പെട്ട കപ്പൽ ഓഗസ്റ്റ് 11-17 വരെ ശ്രീലങ്കൻ തുറമുഖത്ത് നങ്കൂരമിടാനാണ് തീരുമാനിച്ചിരുന്നത്. 

ബഹിരാകാശത്തിനും ഉപഗ്രഹ ട്രാക്കിംഗിനുമായി പ്രവർത്തിക്കുന്ന കപ്പൽ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ഉപഗ്രഹ നിയന്ത്രണവും ഗവേഷണ ട്രാക്കിംഗും നടത്തുമെന്നാണ് ചൈന പറയുന്നത്. ഈ വിഷയത്തിൽ കൂടുതൽ കൂടിയാലോചനകൾ ഉണ്ടാകുന്നത് വരെ യുവാൻ വാങ് 5 എന്ന കപ്പൽ ഹംമ്പതോട്ടയിൽ എത്തുന്ന തീയതി മാറ്റിവയ്ക്കാൻ സർക്കാർ ചൈനയോട് അഭ്യർഥിച്ചെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തങ്ങളുടെ സുരക്ഷയും സാമ്പത്തിക താൽപ്പര്യങ്ങളും ബാധിക്കുന്ന ഏതൊരു കാര്യവും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഇന്ത്യ പറഞ്ഞിരുന്നു. ഓഗസ്റ്റിൽ ചൈനീസ് കപ്പൽ ഹംമ്പതോട്ടയിൽ സന്ദർശനം നടത്തുമെന്ന കാര്യം അറിയാമെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഇന്ത്യയുടെ സുരക്ഷയും സാമ്പത്തിക താൽപ്പര്യങ്ങളും ബാധിക്കുന്ന ഏതൊരു സംഭവവും സർക്കാർ നീരീക്ഷിക്കുമെന്നും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ചൈനീസ് ചാരക്കപ്പൽ ശ്രീലങ്കൻ തുറമുഖത്തേക്ക്; ആശങ്കയറിയിച്ച് ഇന്ത്യ

സന്ദർശനം ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് ഇന്ത്യ ശ്രീലങ്കയെ അറിയിച്ചതായി പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു. 1948 ന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി ശ്രീലങ്ക അഭിമുഖീകരിക്കുന്ന സമയത്താണ് കപ്പലിന്റെ സന്ദർശനം. തുറമുഖം പ്രധാനമായും ചൈനയുടെ വായ്പ ഉപയോഗിച്ചാണ് വികസിപ്പിച്ചതെന്നതിനാൽ, സൈനിക ആവശ്യങ്ങൾക്കായി ചൈന തുറമുഖത്തെ  ഉപയോഗിച്ചേക്കുമെന്ന ആശങ്ക ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കുണ്ട്. 
 

Follow Us:
Download App:
  • android
  • ios