ബംഗലൂരു: നരേന്ദ്രമോദിയെയും അമിത് ഷായെയും എതിർത്ത് സംസാരിക്കുന്നവർക്ക് ഗൗരി ലങ്കേഷിന്‍റെ വിധി വരുമെന്ന് ശ്രീരാമസേന വർക്കിംഗ്‌ പ്രസിഡന്‍റ് സിദ്ധലിംഗ സ്വാമിയുടെ ഭീഷണി. കർണാടകത്തിലെ റായ്ച്ചൂരിലാണ് കരുണേശ്വർ മഠധിപതി കൂടിയായ സ്വാമിയുടെ വിവാദ പ്രസ്താവന നടത്തിയത്. ശ്രീരാമസേന തലവൻ പ്രമോദ് മുത്തലിക്കിനെ സാക്ഷിയാക്കിയായിരുന്നു സിദ്ധലിംഗ സ്വാമിയുടെ ഭീഷണി.

പ്രകോപനപരമായ പരാമര്‍ശത്തില്‍ സിദ്ധലിംഗക്കെതിരെ റായ്ച്ചൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. ഗൗരിലങ്കേഷിന്‍റെ കൊലപാതകത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ക്കെതിരെ നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. സിദ്ധലിംഗയുടെ ഭീഷണിപ്പെടുത്തല്‍ ആരോപണങ്ങളെ ശരിവയ്ക്കുന്നതാണെന്ന് ചൂണ്ടികാട്ടി സോഷ്യല്‍മീഡിയയിലടക്കം നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.