പണം ആവശ്യപ്പെടുന്നത് ആശുപത്രി ജീവനക്കാരല്ലെന്നാണ് കെജിഎംയു ആശുപത്രിയുടെ വാദം. ആശുപത്രിയില്‍ നിലത്ത്  മരിച്ചയാളുടെ മൃതദേഹം കിടക്കുന്നതും ജീവനക്കാര്‍ പണം ചോദിക്കുന്നതും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു

പോസ്റ്റ് മോര്‍ട്ടം നടത്തുന്നതിനായി രോഗിയുടെ ബന്ധുക്കളില്‍ നിന്ന് 3800 രൂപ ആവശ്യപ്പെട്ട് ലക്നൌവ്വിലെ പ്രമുഖ ആശുപത്രിയിലെ ജീവനക്കാര്‍. ലക്നൌവ്വിലെ കെജിഎംയു ആശുപത്രിയിലാണ് സംഭവം. ജീവനക്കാര്‍ പണം ആവശ്യപ്പെടുന്ന വീഡിയോ വൈറലായിരുന്നു. പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിനായി മരിച്ചയാളുടെ ബന്ധുക്കളില്‍ നിന്ന് പണം ആവശ്യപ്പെടുന്നത് വീഡിയോയില്‍ വ്യക്തമാണെങ്കിലും പണം ആവശ്യപ്പെടുന്നത് ആശുപത്രി ജീവനക്കാരല്ലെന്നാണ് കെജിഎംയു ആശുപത്രിയുടെ വാദം.

ആശുപത്രിയില്‍ നിലത്ത് മരിച്ചയാളുടെ മൃതദേഹം കിടക്കുന്നതും ജീവനക്കാര്‍ പണം ചോദിക്കുന്നതും വീഡിയോയില്‍ കാണാം. രോഗിയ്ക്കൊപ്പം സഹായിയായി നിന്നയാള്‍ പകര്‍ത്തിയ വീഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രി പണം വാങ്ങുന്നില്ലെന്നാണ് ആശുപത്രി വക്താവ് സുധീര്‍ കുമാര്‍ പ്രതികരിച്ചത്. സംഭവത്തില്‍ അശുപത്രിയുടെ അനാസ്ഥയ്ക്കെതിരായി പരാതി നല്‍കിയിരിക്കുകയാണ് രോഗിയുടെ ബന്ധുക്കള്‍. ജില്ലാ മജിസ്ട്രേറ്റിനും പൊലീസ് കമ്മീഷണര്‍ക്കും രോഗിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം ചെയ്ത ജീവനക്കാര്‍ മദ്യ ലഹരിയിലായിരുന്നുവെന്നും ബന്ധുക്കള്‍ പരാതിയില്‍ പറയുന്നു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona