ദില്ലി: ​ഗാന്ധിജിയുടെ സ്വാതന്ത്ര്യ സമരം വെറും നാടകമാണെന്നും ​സത്യ​ഗ്രഹം ബ്രിട്ടീഷുകാർക്കൊപ്പം ചേർന്നുള്ള ഒത്തുകളിയായിരുന്നു എന്നുമുള്ള വിവാദപരാമർശത്തിൽ പശ്ചാത്താപം തോന്നുന്നില്ലെന്ന് ബി.ജെ.പി എം.പിയും മുൻ കേന്ദ്രമന്ത്രിയുമായ അനന്ത് കുമാർ ഹെഗ്ഡെ. താൻ ഇപ്പോഴും പ്രസ്താവനയ്ക്കൊപ്പം നിലകൊള്ളുന്നുവെന്നും മഹാത്മാ ​ഗാന്ധിയെക്കുറിച്ച് തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും ഹെ​ഗ്ഡേ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. 

''മാധ്യമങ്ങൾ കള്ളം പറയുകയാണ്. എന്റെ പ്രസ്താവനയ്ക്കൊപ്പമാണ് ഞാനിപ്പോഴും നില കൊള്ളുന്നത്. ​ഗാന്ധിജിയെക്കുറിച്ചോ മറ്റൊരു രാഷ്ട്രീയ പാർട്ടികളെക്കുറിച്ചോ ഞാനൊന്നും പറഞ്ഞിട്ടില്ല. ഗാന്ധിജിയെക്കുറിച്ചോ നെഹ്റുവിനെക്കുറിച്ചോ മറ്റേതെങ്കിലും സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ചോ ഞാൻ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ എന്നെ കാണിക്കൂ.'' ഹെ​ഗ്ഡേ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ​

എന്നാൽ ഹെ​ഗ്ഡേയുടെ പരാമർശം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള മുതിർന്ന ബിജെപി നേതാക്കളെ അസ്വസ്ഥരാക്കിയിരിക്കുകയാണ് എന്ന് ബിജെപി വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഇത്തരം പരാമർശങ്ങൾ പാർട്ടിക്ക് സ്വീകാര്യമല്ലെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. പാർലമെന്റിൽ വൻപ്രതിഷേധത്തിന് ഈ പരാമർശം കാരണമായിത്തീർന്നിട്ടുണ്ട്. ഇതിൽ മാപ്പു പറയണമെന്ന്​ ബി​.ജെ.പി നേതൃത്വം തന്നെ അനന്ത്​ കുമാർ ഹെഗ്ഡെയോട്​ ആവശ്യപ്പെട്ടിരുന്നു. രാഷ്​ട്രപിതാവിനെ അപമാനിച്ച ഹെഗ്​ഡെക്കെതിരെ നടപടിയെടുക്കാത്ത ബി.ജെ.പി ഗോഡ്​സെയുടെ പാർട്ടിയാണെന്ന്​ വീണ്ടും വീണ്ടും തെളിയിക്കുകയാണെന്നാണ്​ കോൺഗ്രസ്​ ആരോപിക്കുന്നത്​.