മന്ത്രിയായതിനാൽ ക്യൂവിൽ നിൽക്കാതെ ദർശനം നടത്തരുതെന്നായിരുന്നു പെൺകുട്ടി മന്ത്രിക്ക് നൽകിയ ഉപദേശം. വിജയപുരയിലെ അമരഗാനദീശ്വര ശിവ ക്ഷേത്രത്തിൽ തിങ്കളാഴ്ചയാണ് സംഭവം.
വിജയപുര: ക്യൂവിൽ നിൽക്കാതെ ക്ഷേത്ര ദർശനം നടത്തിയ കർണാടക ആഭ്യന്തര മന്ത്രി എം ബി പട്ടേലിന് ഉപദേശം നൽകി കോളേജ് വിദ്യാർഥിനി. മന്ത്രിയായതിനാൽ ക്യൂവിൽ നിൽക്കാതെ ദർശനം നടത്തരുതെന്നായിരുന്നു പെൺകുട്ടി മന്ത്രിക്ക് നൽകിയ ഉപദേശം. വിജയപുരയിലെ അമരഗാനദീശ്വര ശിവ ക്ഷേത്രത്തിൽ തിങ്കളാഴ്ചയാണ് സംഭവം.
നിങ്ങൾ മന്ത്രിയായിരിക്കാം, പക്ഷെ ഞങ്ങളെ പോലെ നിങ്ങളും ക്യൂവിൽ നിൽക്കണം. പ്രത്യേക പരിചരണം വേണമെന്ന് പ്രതീക്ഷിക്കരുതെന്നും പെൺകുട്ടി പറഞ്ഞു. മഹാശിവരാത്രി ആയതിനാൽ ക്ഷേത്രത്തിൽ തിരക്ക് അധികമായിരുന്നു. നൂറോളം ആളുകളാണ് ദർശനത്തിനായി ക്യൂവിൽ നിന്നിരുന്നത്. ഇതിനിടയിൽ ക്യൂ നിൽക്കുന്നവരെ മറികടന്ന് മന്ത്രി ദർശനം നടത്തുകയായിരുന്നു. ഇത് കണാനിടയായ ക്യൂവിൽ നിൽക്കുകയായിരുന്ന പെൺകുട്ടി മന്ത്രിയുടെ അടുത്തേക്ക് പോകുകയും ക്യൂവിൽ നിൽക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.
അതേസമയം, എന്തുകൊണ്ടാണ് ക്യൂവിൽ നിൽക്കാതെ പെട്ടെന്ന് ദർശനം നടത്തിയതെന്ന് വിശദീകരിക്കുകയും മന്ത്രി പെൺകുട്ടിയോട് മാപ്പ് പറയുകയും ചെയ്തു.
