ഇന്‍ഡോര്‍: ഹിന്ദു ദൈവങ്ങളെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും അപമാനിച്ചെന്ന പരാതിയില്‍ സ്റ്റാന്‍ഡ് അപ് കൊമേഡിയനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്ത് സ്വദേശിയായ മുനവര്‍ ഫാറൂഖി എന്ന കൊമേഡിയനെയും മറ്റ് നാല് പേരെയുമാണ് മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. ബിജെപി എംഎല്‍എയുടെ മകന്റെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി.  

ഹിന്ദു ദൈവങ്ങളെയും അമിത് ഷായെയും മോശപ്പെട്ട പദപ്രയോഗമുപയോഗിച്ച് അധിക്ഷേപിച്ചുവെന്നാണ് പരാതിയെന്ന് പൊലീസ് അറിയിച്ചു. ഇന്‍ഡോറിലെ 56 ദൂക്കാന്‍ ഏരിയയിലാണ് പരിപാടി നടന്നത്. ബിജെപി എംഎല്‍എ മാലിനി ലക്ഷ്മണ്‍ സിംഗ് ഗൗറിന്റെ മകന്‍ ഏകലവ്യ സിംഗ് ഗൗറാണ് പരാതിക്കാരന്‍. 

താനും തന്റെ സുഹൃത്തുക്കളും കൊമേഡിയന്റെ പരിപാടി കാണാന്‍ പോയതാണെന്നും പരിപാടി അവതരിപ്പിക്കുന്നതിനിടെ ഹിന്ദു ദൈവങ്ങളെയും അമിത് ഷായെയും അധിക്ഷേപിച്ചപ്പോള്‍ പരിപാടി നിര്‍ത്തിച്ചെന്നും എംഎല്‍എയുടെ മകന്‍ പറഞ്ഞു. ഏകലവ്യ സിംഗ് ഗൗറിന്റെ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്ന് തുക്കോഗഞ്ച് പൊലീസ് സ്റ്റേഷനിലെ ഇന്‍ചാര്‍ജ് കമലേഷ് ശര്‍മ പറഞ്ഞു.

ആരോപണവിധേയരായ അഞ്ച് പേരെയും അറസ്റ്റ് ചെയ്തു. മുനവര്‍ ഫാറൂഖിക്ക് പുറമെ, എഡ്വിന്‍ ആന്റണി, പ്രഖാര്‍ വ്യാസ്, പ്രിയം വ്യാസ്, നളിന്‍ യാദവ് എന്നിവരാണ് അറസ്റ്റിലായത്. ഹിന്ദ് രക്ഷക് എന്ന സംഘടനയുടെ കണ്‍വീനറാണ് പരാതിക്കാരന്‍. സംഘടനയുടെ പ്രവര്‍ത്തകര്‍ കലാകാരന്മാരെ മര്‍ദ്ദിച്ചെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇവര്‍ ഇക്കാര്യം നിഷേധിച്ചു.