Asianet News MalayalamAsianet News Malayalam

നെയ്യാറ്റിൻകര സംഭവത്തിൽ സംസ്ഥാന സർക്കാർ ഒന്നാംപ്രതി: കെ സുരേന്ദ്രൻ

നെയ്യാറ്റിൻകരയിൽ മൂന്ന് സെന്റ് വീട് ഒഴിപ്പിക്കുന്നതിനിടെ ആത്മഹത്യക്കു ശ്രമിച്ച രാജൻറെയും ഭാര്യ അമ്പിളിയുടെയും മരണത്തിൽ ഒന്നാം പ്രതി സർക്കാരാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. 

State government first accused in Neyyattinkara incident K Surendran
Author
Kerala, First Published Dec 29, 2020, 4:49 PM IST

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മൂന്ന് സെന്റ് വീട് ഒഴിപ്പിക്കുന്നതിനിടെ ആത്മഹത്യക്കു ശ്രമിച്ച രാജൻറെയും ഭാര്യ അമ്പിളിയുടെയും മരണത്തിൽ ഒന്നാം പ്രതി സർക്കാരാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. 

പൊലീസിനെ ഉപയോഗിച്ച് രണ്ട് കുട്ടികൾക്ക് മാതാ-പിതാക്കളെ ഇല്ലാതാക്കിയ സർക്കാർ ഇപ്പോൾ അവരുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് പറയുന്നത് പരിഹാസ്യമാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. സർക്കാർ ഒരേസമയം വേട്ടക്കാരുടെ കൂടെ ഓടുകയും ഇരയ്ക്കൊപ്പം നിൽക്കുകയുമാണ്. ഹൈക്കോടതിയിൽ നിന്ന് മണിക്കൂറുകൾക്കകം സ്റ്റേ ഓർഡർ വരുമെന്നറിഞ്ഞാണ് പൊലീസ് ധൃതിപ്പെട്ട് കിടപ്പാടം ഒഴിപ്പിക്കാൻ ശ്രമിച്ചത്. 

ദമ്പതികളുടെ മരണത്തിൽ വിശദമായ അന്വേഷണവും കുറ്റക്കാർക്കെതിരെ നടപടിയും വേണം. മനുഷ്യത്വമില്ലാത്ത സർക്കാരാണ് പിണറായി വിജയന്റേതെന്ന് അവർ വീണ്ടും വീണ്ടും തെളിയിക്കുകയാണ്. പൊലീസിന്റെയും ഭരണകൂടത്തിന്റെയും ധിക്കാരമാണ് രാജ്യത്തെ ഞെട്ടിച്ച ദുരന്തത്തിന് കാരണം. 

രാജൻറെയും അമ്പിളിയുടെയും മക്കളുടെ സംരക്ഷണം മാത്രമല്ല അവരുടെ കുടുംബം അനാഥമാക്കിയവരെ ശിക്ഷിക്കുകയും ചെയ്യണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റങ്ങളും പിവി അൻവറിന്റെ അനധികൃത തടയണകളും എംഎം മണിയുടെ സഹോദരന്റെ മൂന്നാറിലെ കയ്യേറ്റങ്ങളും ഒന്നും ചെയ്യാൻ കഴിയാത്തവരാണ് മൂന്ന് സെന്റ് സ്ഥലത്ത് കൂരവെച്ച പാവങ്ങളുടെ കുടുംബം ഇല്ലാതാക്കിയത്.

ഭരണകൂട ഭീകരതയ്ക്ക് ഇരയായ കുട്ടികളെ സ്വന്തം കുടുംബം പോലെ സംരക്ഷിക്കാൻ ഭാരതീയ ജനതാ പാർട്ടിയുടെ ലക്ഷക്കണക്കിന് വരുന്ന പ്രവർത്തകരുണ്ടാകുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Follow Us:
Download App:
  • android
  • ios