ജമ്മു കശ്മീർ പൊലീസിന്റെ (എസ്ഒജി) സ്പെഷ്യൽ ഓപ്പറേഷൻ ​ഗ്രൂപ്പ് അടക്കം സഹകരിച്ചുകൊണ്ടാണ് പരിശോധന നടക്കുന്നത്. 

ദില്ലി: കുൽ​ഗാമിൽ സംസ്ഥാന അന്വേഷണ ഏജൻസി വ്യാപക തിരച്ചിൽ നടത്തുകയാണ്. ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട കേസിലാണ് അന്വേഷണം. മറ്റ് തെക്കൻ കശ്മീർ മേഖലകളിലായി 16 ഇടങ്ങളിലാണ് പരിശോധന എന്നാണ് പ്രാഥമിക വിവരം. പ്രദേശത്ത് ആകെ കനത്ത സുരക്ഷയും വ്യാപിപ്പിച്ചിട്ടുണ്ട്. ജമ്മു കശ്മീർ പൊലീസിന്റെ (എസ്ഒജി) സ്പെഷ്യൽ ഓപ്പറേഷൻ ​ഗ്രൂപ്പ് അടക്കം സഹകരിച്ചുകൊണ്ടാണ് പരിശോധന നടക്കുന്നത്. 

ജമ്മുവിൽ നാലിടങ്ങളിൽ സൈന്യവും ഭീകര വിരുദ്ധ സേനയും പരിശോധ നടത്തുന്നു എന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം സേനാ ക്യാമ്പിന് നേരെ നടന്ന ആക്രമണത്തിൻ്റെ പശ്ചാത്തലത്തിലാണ് പരിശോധന. ഭീകര സംഘങ്ങൾ സൈനിക മേഖലകളേയും പ്രധാന കേന്ദ്രങ്ങളേയും ലക്ഷ്യം വച്ചേക്കാമെന്ന് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് പരിശോധന.

വെടിനിർത്തൽ തീരുമാനിച്ചതിൽ രാജ്യം വളരെ ആശ്വാസത്തിലാണ് നിലവിൽ. പാകിസ്ഥാന്‍റെ ഡയറക്ടര്‍ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) ഇന്നലെ രണ്ടു തവണയാണ് ഇന്ത്യയുമായി ബന്ധപ്പെട്ടത്. സേന മേധാവി യുഎസ് വിദേശകാര്യ സെക്രട്ടറിയോട് സംസാരിച്ചതും പാക് ഡിജിഎംഒ പരാമർശിച്ചു. പാകിസ്ഥാൻ ആണവായുധം ഉപയോഗിക്കുമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്‍റെഅടിസ്ഥാനത്തിലാണ് യുഎസ് ഇടപെടലുണ്ടായത്.

അമേരിക്കൻ വൈസ് പ്രസിഡന്‍റ് ജെഡി വാൻസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചു. ഇരുവരുമായുള്ള സംഭാഷണത്തിൽ ഇന്ത്യൻ സേനകൾക്ക് കിട്ടിയ ആധിപത്യം മോദി ചൂണ്ടിക്കാട്ടി. പാകിസ്ഥാനെ വിശ്വസിക്കേണ്ടെന്നാണ് ഇന്നലെ ഉച്ചയ്ക്ക് ചേർന്ന യോഗം തീരുമാനിച്ചത്. പാക് ഡിജിഎംഒ രണ്ടാമതും വിളിച്ചശേഷമാണ് വെടിനിര്‍ത്തൽ പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. വെടിനിര്‍ത്തൽ പ്രഖ്യാപിച്ചശേഷമുള്ള പാകിസ്ഥാന്‍റെ തുടര്‍നീക്കം ഇന്ത്യ നീരിക്ഷിക്കും. പ്രകോപനമുണ്ടായാൽ ആവശ്യമെങ്കിൽ വെടിനിര്‍ത്തലിൽ നിന്ന് പിൻമാറും. ഇതുവരെയുള്ള നടപടികളിൽ ഇന്ത്യൻ സേനകളുടെ കരുത്ത് കാട്ടാനായെന്നാണ് ഉന്നത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം