ഇന്ത്യയുടെ വടക്ക് പടിഞ്ഞാറൻ മേഖലയിൽ നടത്താനിരുന്ന ആക്രമണത്തെ നിർവീര്യമാക്കി. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളും നഗരങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം.പാകിസ്ഥാന്‍റെ മിസൈലുകള്‍ തകര്‍ത്തതിന്‍റെ തെളിവും വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടു.
ദില്ലി: ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ ഇന്ത്യയെ ആക്രമിക്കാനുള്ള പാകിസ്ഥാന്‍റെ ശ്രമങ്ങളെ പരാജയപ്പെടുത്തിയെന്നും തക്കതായ മറുപടി നൽകിയെന്നും സൈനിക ഉദ്യോഗസ്ഥരും വിദേശകാര്യമന്ത്രാല സെക്രട്ടറിയും ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയുടെ വടക്ക് പടിഞ്ഞാറൻ മേഖലയിൽ പാകിസ്ഥാൻ നടത്താനിരുന്ന ആക്രമണത്തെ നിർവീര്യമാക്കി. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളും നഗരങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇതിന് മറുപടിയായി ലഹോറിലെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തുവെന്നും ഉന്നത സൈനിക ഉദ്യോഗസ്ഥരായ വിങ് കമാന്‍ഡര്‍ വ്യോമിക സിങും കേണൽ സോഫിയ ഖുറേഷിയും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഇന്റഗ്രേറ്റഡ് കൗണ്ടർ അൺമാൻഡ് ഏരിയൽ സിസ്റ്റവും വ്യോമപ്രതിരോധ സംവിധാനങ്ങളും ഉപയോഗിച്ചാണ് പാകിസ്ഥാന്‍റെ മിസൈലാക്രമണം തകർത്തത്. പാകിസ്ഥാന്‍റെ സ്ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത് അവര്‍ നടത്തിയ ആക്രമണത്തിന്‍റെ തെളിവാണ്. ഇന്ത്യയെ ആക്രമിച്ചതിനും അതിര്‍ത്തിയിലെ ഷെല്ലാക്രമണം ശക്തമായി തുടരുന്നതിലും മറുപടിയായിട്ടാണ് പാകിസ്ഥാന്‍റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇന്ത്യ തകർത്തത്. പാകിസ്ഥാന്‍റെ ആക്രമണശ്രമങ്ങളുടെ തെളിവും വാര്‍ത്താസമ്മേളനത്തിൽ പുറത്തുവിട്ടു.
പാകിസ്ഥാന്‍റെ ആക്രമണത്തിന് തുല്യമായ മറുപടിയാണ് നൽകിയത്. നിയന്ത്രണ രേഖയിൽ പ്രകോപനകരമായ നടപടികൾ പാകിസ്ഥാൻ തുടരുകയാണ്. മോട്ടാർ ഷെല്ലുകൾ ഉപയോഗിച്ചും മറ്റു ആയുധങ്ങൾ ഉപയോഗിച്ചും പാകിസ്ഥാൻ അതിര്‍ത്തിയിൽ ആക്രമണം തുടരുകയാണ്. ഇതുവരെ 16 നിരപരാധികളാണ് കൊല്ലപ്പെട്ടത്. മൂന്നു വനിതകൾ, അഞ്ചു കുട്ടികളും അടക്കമുള്ളവരുടെ ജീവനാണ് നഷ്ടമായത്. ഇതുകൊണ്ട് കൂടിയാണ് ഇന്ത്യ ശക്തമായി തിരിച്ചടിച്ചത്. കുപ്വാര, ബാരാമുള്ള, ഉറി, പൂഞ്ച്, രജൗരി, മേന്ഥർ സെക്ടറുകളിലാണ് പാക് ആക്രമണം ശക്തമായത്. പാകിസ്ഥാന്‍റെ ഭാഗത്തുനിന്ന് ഇന്ന് രാവിലെയും മിസൈല്‍ ആക്രമണശ്രമം ഉണ്ടായെന്നും കേണൽ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങും പറഞ്ഞു.
പാക് ആര്‍മി ചീഫിനെതിരെ വിദേശകാര്യ സെക്രട്ടറി
പാകിസ്ഥാൻ ടിആർഎഫിനെ സംരക്ഷിക്കുകയാണ്. നിരവധി തെറ്റായ വിവരങ്ങളാണ് പാകിസ്ഥാൻ പ്രചരിപ്പിക്കുന്നത്. യു എന്നിലും പാക് തീവ്രവാദ ശക്തികളെ പിന്തുണച്ചു. ഇന്ത്യയുടെ തിരിച്ചടി കൃത്യമാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. തീവ്രവാദത്തെ പിന്തുണക്കുന്നില്ലെന്ന് പാക്കിസ്ഥാൻ ആവർത്തിക്കുന്നത് വസ്തുതാവിരുദ്ധമാണ്. ലോകമെമ്പാടും പാക് സ്പോൺസേർഡ് തീവ്രവാദം ഭീഷണിയാകുകയാണ്. ഇപ്പോള്‍ പാകിസ്ഥാൻ തുറന്ന് കാട്ടപ്പെട്ടിരിക്കുകയാണ്. പാകിസ്ഥാനിൽ യുഎൻ നിരോധിച്ച നിരവധി ഭീകരരാണുള്ളത്. ബിൻ ലാദൻ പാകിസ്ഥാന്‍റെ കണ്ടെത്തലാണ്.
പഹൽഗാം ആക്രമണത്തിന്‍റെസൂത്രധാരമാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഇന്ത്യ ആവർത്തിച്ചാവര്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ഇന്ത്യ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് ആവര്‍ത്തിച്ച വിദേശകാര്യസെക്രട്ടറി പാക് ആർമി ചീഫിനെതിരെയും ആഞ്ഞടിച്ചു. പാക് ആര്‍മി ചീഫിന്‍റെ പ്രകോപനപരമായ പ്രസംഗമാണ് പഹൽഗാമിലെ ഭീകരാക്രമണത്തിലെത്തിച്ചത്. ഇന്ത്യയിൽ വർഗീയ സംഘർഷത്തിനും ഉന്നമിട്ടുവെന്നും വിദേശകാര്യസെക്രട്ടറി കുറ്റപ്പെടുത്തി.




