രാഹുലും ഷീനയും തമ്മിലുള്ള ബന്ധത്തേ ചൊല്ലി വീട്ടിൽ കലഹങ്ങളുണ്ടായിരുന്നില്ലെന്നാണ് വിധി മുഖർജി ചൊവ്വാഴ്ച വിശദമാക്കുന്നത്. രാഹുൽ മയക്കുമരുന്ന് ഉപയോഗിക്കാനും ഷീന മദ്യപാനമടക്കമുള്ളത് തുടങ്ങിയതോടെയാണ് വീട്ടിൽ കലഹമുണ്ടായത്

മുംബൈ: ഷീന ബോറ കൊലപാതക കേസിൽ തന്റെ മൊഴി വ്യാജമായി സൃഷ്ടിച്ചതാണെന്ന് ഇന്ദ്രാണി മുഖർജിയുടെ മകൾ വിധി മുഖ‍ർജി. ഇന്ദ്രാണിയും ഭർത്താവ് സ‌‍ഞ്ജീവ് ഖന്നയുടേയും മകളാണ് ദൃക്സാക്ഷി വിചാരണയ്ക്കിടെ കോടതിയിൽ നിർണായക മൊഴി നൽകിയത്. ഇരുപത്തിനാലുകാരിയായ മകൾ ഷീന ബോറയെ 2012 ഏപ്രിൽ മാസത്തിൽ മുൻ ഭർത്താവ് സഞ്ജീവ് ഖന്നയുടേയും ഡ്രൈവർ ശ്യാംവർ റായിയുടെയും സഹായത്തോടെ കഴുത്തുഞെരിച്ച് കൊന്നശേഷം മൃതദേഹം റായ്ഗഡ് ജില്ലയിലെ വനാന്തർഭാഗത്ത് കൊണ്ടുപോയി പെട്രോളൊഴിച്ച് കത്തിച്ച് കളഞ്ഞുവെന്നാണ് കേസിലെ ദൃക്സാക്ഷിയായ വിധി മുഖ‍ർജി ചൊവ്വാഴ്ച പ്രത്യേക സിബിഐ കോടതിയിലാണ് ഇക്കാര്യങ്ങൾ വിശദമാക്കിയത്. കേസിൽ കോടതിയിൽ സമ‍ർപ്പിച്ച തന്റെ മൊഴി കെട്ടിച്ചമച്ചതാണെന്നും തന്റെ മാതാപിതാക്കളെയും കേസിൽ കുടുക്കാൻ ലക്ഷ്യമിട്ട് തയ്യാറാക്കിയതെന്നുമാണ് വിധി മുഖർജി മൊഴി നൽകിയിട്ടുള്ളത്. സഞ്ജീവ് ഖന്ന, ഇന്ദ്രാണി, പീറ്റർ മുഖർജി എന്നിവരുടെ വിചാരണ പുരോഗമിക്കുകയാണ്. 2015ൽ കൊലപാതകം പുറത്ത് വന്ന സമയത്ത് വിധിയ്ക്ക് പ്രായപൂർത്തി ആയിരുന്നില്ല. ഇമെയിലുകളും ബാങ്ക് കടലാസുകളും രേഖകളും അടക്കം തന്നോട് ഒപ്പിട്ട് നൽകാൻ സിബിഐ ഓഫീസർ നിർദ്ദേശിക്കുകയായിരുന്നു. ഈ രേഖകൾ കെട്ടിച്ചമച്ചതും വ്യാജമാണെന്നുമാണ് വിധി ആരോപിക്കുന്നത്. കേസിൽ മൊഴി എടുക്കാൻ പൊലീസുകാ‍ർ എത്തിയപ്പോഴെല്ലാം തന്നെ മുഖർജി കുടുംബത്തിലുള്ളവരായിരുന്നു തനിക്ക് ഒപ്പമുണ്ടായിരുന്നത്. ഉദ്യോഗസ്ഥ‍ർ എഴുതിയെടുത്ത വിവരങ്ങൾ ബന്ധുക്കൾ പലയിടങ്ങളിൽ ശേഖരിച്ച വിവരങ്ങളായിരുന്നു. ഇന്ദ്രാണിയുടെ ആദ്യവിവാഹത്തിലെ മകളുമായി രണ്ടാം ഭർത്താവിന്റെ ആദ്യ വിവാഹത്തിലെ മകൻ അടുത്തതോടെ ഇന്ദ്രാണിയുടെ ആദ്യ ഭർത്താവായ സഞ്ജീവ് ഖന്നയും പീറ്റർ മുഖർജിയും ചേർന്ന് ഗൂഡാലോചന നടത്തി ഷീനയെ കൊലപ്പെടുത്തിയെന്നാണ് കേസ്.

എന്നാൽ രാഹുലും ഷീനയും തമ്മിലുള്ള ബന്ധത്തേ ചൊല്ലി വീട്ടിൽ കലഹങ്ങളുണ്ടായിരുന്നില്ലെന്നാണ് വിധി മുഖർജി ചൊവ്വാഴ്ച വിശദമാക്കുന്നത്. രാഹുൽ മയക്കുമരുന്ന് ഉപയോഗിക്കാനും ഷീന മദ്യപാനമടക്കമുള്ളത് തുടങ്ങിയതോടെയാണ് വീട്ടിൽ കലഹമുണ്ടായത്. എന്നാൽ ഷീനയുമായുള്ള തന്റെ ബന്ധത്തേക്കുറിച്ച് ഇന്ദ്രാണി അസ്വസ്ഥയായിരുന്നുവെന്നാണ് രാഹുൽ കോടതിയിൽ മൊഴി നൽകിയിട്ടുള്ളത്. സഞ്ജീവ് ഖന്നയുമായുള്ള ബന്ധത്തിലുള്ള മകളായ വിധിയെ പീറ്റർ മുഖ‍ർജി ഇന്ദ്രാണിയുമായുള്ള വിവാഹ ശേഷം ദത്തെടുത്തിരുന്നു. അറസ്റ്റിന് ശേഷം മുഖ‍ർജി കുടുംബത്തിലുള്ളവ‍ർ ഇന്ദ്രാണിയെ കാണാൻ പോലും തയ്യാറായില്ല. പീറ്റർ മുഖർജിയുള്ളതിനാലാണ് താൻ സുരക്ഷിതയാണെന്ന തോന്നലുണ്ടായിരുന്നത്. എന്നാൽ മുഖർജി കുടുംബത്തിലുണ്ടായിരുന്നവർ ഫർണിച്ചറുകളും മറ്റും വീതം വയ്ക്കാനുള്ള ചർച്ചകളിലായിരുന്നു. അമ്മയ്ക്കൊപ്പമോ തനിച്ചോ അതോ പീറ്ററിനൊപ്പമോ എന്ന് തെരഞ്ഞെടുപ്പ് നടത്താനാണ് തനിക്ക് നി‍ർദ്ദേശം ലഭിച്ചത്. എന്നാൽ പീറ്റ‍ർ തനിക്ക് ഒന്നും വരില്ലെന്ന് ഉറപ്പ് നൽകിയിരുന്നു.

പതിനെട്ട് വയസ് പ്രായമായതിന് ശേഷം ഇന്ദ്രാണിയുടേയും പീറ്ററിന്റേയും വറോളിയിലെ ഫ്ലാറ്റ് വിധിയുടെ പേരിലേക്ക് ആക്കാമെന്ന് തീരുമാനം വന്നു. എന്നാൽ ഈ കൈമാറ്റം തടയാൻ ഹൗസിംഗ് സൊസൈറ്റിയിലേക്ക് കത്ത് നൽകിയെന്നും പീറ്ററിന്റെ വിൽപത്രത്തിൽ നിന്ന് ഈ തീരുമാനം നീക്കിയെന്നും വിധി മുഖർജി കോടതിയിൽ വിശദമാക്കുന്നത്. അറസ്റ്റിനുശേഷം ഇന്ദ്രാണിയുടെ പൂർവ്വിക സ്വത്ത് ഉൾപ്പെടെയുള്ള സ്വത്തുക്കൾ തന്റെ അറിവില്ലാതെ തട്ടിയെടുത്തതായും വിധി ആരോപിക്കുന്നു. പീറ്ററിന്റെ രണ്ട് ആൺമക്കൾക്ക് ഇന്ദ്രാണിയെ വ്യാജമായി കുടുക്കാൻ വ്യക്തമായ ലക്ഷ്യമുണ്ടെന്നാണ് വിധി മുഖർജി കോടതിയിൽ വിശദമാക്കിയിട്ടുള്ളത്. ഡെവിൾസ് ഡോട്ടർ എന്ന പേരിൽ താനെഴുതിയ ബുക്കിലെ കാര്യങ്ങളോട് യോജിക്കുന്നില്ലെന്നും ബുക്ക് എഴുതിയ കാലത്തേക്ക് തിരിച്ച് പോയാൽ താൻ ആ ബുക്ക് എഴുതില്ലായിരുന്നുവെന്നും വിധി കോടതിയിൽ പ്രതികരിച്ചു. ബുധനാഴ്ചയും വിധിയുടെ സാക്ഷി വിചാരണ തുടരും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം