കേരളത്തിന് പിന്നാലെ പശ്ചിമബംഗാൾ, പഞ്ചാബ്, രാജസ്ഥാൻ, ചത്തീസ്ഗഡ് സംസ്ഥാനങ്ങളും കോടതിയെ സമീപിക്കുമെന്ന് അറിയിച്ചെങ്കിലും ഇതേവരെ ഹര്‍ജി നൽകിയിട്ടില്ല. കാര്‍ഷിക ബില്ലുകൾ പാസാക്കുന്നതിനെതിരെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച സിപിഎമ്മിന്‍റെയടക്കം എട്ട് അംഗങ്ങളെ രാജ്യസഭയിൽ നിന്ന് സസ്പെൻഡ‍് ചെയ്തിരുന്നു.

ദില്ലി: കാര്‍ഷിക നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള കേരളത്തിന്‍റെ ആലോചനകൾ ഇതുവരെ എങ്ങും എത്തിയിട്ടില്ല. ഹര്‍ജി നൽകുമെന്ന് പ്രഖ്യാപിച്ച മറ്റ് പ്രതിപക്ഷ സംസ്ഥാനങ്ങൾക്കാകട്ടെ പഴയ ആവേശവുമില്ല.

കാര്‍ഷിക ബില്ലുകൾ പാര്‍ലമെന്‍റ് പാസാക്കിയതിന് തൊട്ടുപിന്നാലെ സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യം കേരളം ആലോചിച്ചിരുന്നു. ഇക്കാര്യം മന്ത്രിസഭ ചര്‍ച്ച ചെയ്തു. നിയമവിദഗ്ധരുമായി ആലോചിക്കാനുള്ള തീരുമാനവും എടുത്തു. പക്ഷെ, ബില്ലുകൾ പാസാക്കി ഒരുമാസത്തോളമാകുമ്പോഴും കേരളത്തിന്‍റെ ഹര്‍ജി സുപ്രീംകോടതിയിലെത്തിയിട്ടില്ല. 

ഹര്‍ജി നൽകുന്നതിനായി അഡ്വക്കേറ്റ് ജനറലിനോ, സുപ്രീംകോടതിയിലെ അഭിഭാഷകര്‍ക്കോ ഇതുവരെ യാതൊരു നിര്‍ദ്ദേശവും കിട്ടിയിട്ടുമില്ല. കാര്‍ഷിക ബില്ലുകൾ പാസാക്കുന്നതിനെതിരെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച സിപിഎമ്മിന്‍റെയടക്കം എട്ട് അംഗങ്ങളെ രാജ്യസഭയിൽ നിന്ന് സസ്പെൻഡ‍് ചെയ്തിരുന്നു. കേന്ദ്രത്തിനെതിരെ കോടതിയെ സമീപിക്കാനുള്ള കേരളത്തിന്‍റെ നീക്കം പ്രതിപക്ഷ സംസ്ഥാങ്ങളുടെ രാഷ്ട്രീയ പടയൊരുക്കമായും വിലയിരുത്തപ്പെട്ടിരുന്നു. 

കേരളത്തിന് പിന്നാലെ പശ്ചിമബംഗാൾ, പഞ്ചാബ്, രാജസ്ഥാൻ, ചത്തീസ്ഗഡ് സംസ്ഥാനങ്ങളും കോടതിയെ സമീപിക്കുമെന്ന് അറിയിച്ചെങ്കിലും ഇതേവരെ ഹര്‍ജി നൽകിയിട്ടില്ല. കാര്‍ഷിക നിയമത്തെ മറികടക്കാൻ കോണ്‍ഗ്രസ് സംസ്ഥാനങ്ങളോട് നിയമം കൊണ്ടുവരാൻ സോണിയാഗാന്ധി നിര്‍ദ്ദേശിച്ചിരുന്നു. അതനുസരിച്ച് കോണ്‍ഗ്രസ് സംസ്ഥാനങ്ങൾ നിയമത്തിന്‍റെ കരട് തയ്യാറാക്കിയെങ്കിലും പ്രതിഷേധ നീക്കം പാതിവഴിയിലാണ്. ഡിഎംകെ.നേതാവ് തിരുച്ചിശിവ, അഭിഭാഷകനായ എം എൽ ശര്‍മ്മ എന്നിവര്‍ നൽകിയ ഹര്‍ജികൾ പരിഗണിച്ചാണ് സുപ്രീംകോടതി കേന്ദ്ര സ‍ർക്കാരിന് നോട്ടീസ് അയച്ചത്.