എഴുതിയത് - പ്രൊഫ. എസ് ബാലരാമ കൈമൾ (ചെന്നൈയിലെ സവീത മെഡിക്കൽ കോളേജ് & ഹോസ്പിറ്റലിലെ ബയോകെമിസ്ട്രി വിഭാഗത്തിലെ പ്രൊഫസറാണ് ലേഖകൻ. ഈ വാർത്തയിലെ കാഴ്ചപ്പാടുകൾ ലേഖകന്‍റെ വ്യക്തിപരമാണ്)

ഇന്ന് വിശ്വകർമ്മജയന്തിയാണ്. ചിങ്ങത്തില്‍ നിന്നും കന്നിയിലേക്ക് സൂര്യന്‍ സംക്രമിക്കുന്ന കന്യസംക്രാന്തി ദിനമാണ് വിശ്വകര്‍മ്മജയന്തിയായി ആഘോഷിക്കുന്നത്. സെപ്റ്റംബർ പതിനേഴും കന്നി ഒന്നാംതീയതിയുമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപത്തിരണ്ടാം ജന്മദിനവുമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദൗത്യം ഭാരതമെന്ന ആയിരത്താണ്ടുകളുടെ അനുസ്യൂതിയെ ആധുനികകാലത്തെ ശക്തിയെന്ന നിലയിൽ പുനർനിർമ്മിക്കുക എന്നതാണ്. അതായത്, ശക്തിമത്തും, വീര്യാർജ്ജിതവും ധ്യേയനിഷ്ഠവുമായ ഒരു നവഭാരതത്തിന്റെ നിർമ്മിതി. ദേവാരാധകരുടെ നാടായ ഭാരതത്തെ പുനർനിർമ്മിക്കുന്നത് ജീവിതവ്രതമായെടുത്ത ഒരു ജനനേതാവ് ദേവലോകങ്ങളുടെ നിർമ്മാതാവായ വിശ്വകർമ്മാവിന്റെ ജയന്തിദിനത്തിൽ ജനിച്ചത് ആ നിയോഗത്തിന് ദേവസങ്കല്പങ്ങളുടെ പൂർണ്ണതയേകാനാകണം.

ഇന്ത്യയുടെ പ്രധാനമന്ത്രി ആകണമെന്ന ലക്‌ഷ്യം എന്നെങ്കിലും മോദിക്കുണ്ടായിരുന്നോ? ഇല്ലായിരുന്നു എന്നദ്ദേഹം കുട്ടികളുമായുള്ള ഒരു ചർച്ചയ്ക്കിടയിൽ പറയുന്നുണ്ട്. എങ്കിലും ആ ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. കാരണം മറ്റൊന്നുമല്ല, ഒരാൾ ഒരു ലക്‌ഷ്യം നിശ്ചയിക്കുകയും പടിപടിയായി അതിലേക്ക് നീങ്ങുകയും പിന്നത് നേടിയെടുക്കുകയും ചെയ്യുന്ന ഒരു കാഴ്ച ഏതൊരു മനുഷ്യനും മാതൃകയാണ്. ലക്‌ഷ്യം നിശ്ചയിച്ച് അതിലേക്കെത്താനുള്ള ശീലവും പരിശീലനവുമാണ് നമ്മുടെ ചെറുപ്പക്കാർക്കാവശ്യം. അതില്ലാത്തതിനാലാണ് സത്യത്തിൽ നമ്മുടെ രാജ്യം വികസിക്കാത്തത്. നമ്മുടെ സ്‌കൂൾ കരിക്കുലത്തിൽ പ്ലാനിങ് എന്നൊരു ടോപ്പിക് ഇല്ല എന്നതാണ് വാസ്തവം. സ്‌കൂളിൽ തൊട്ടേ അതുണ്ട് എന്നതാണ് അമേരിക്കയുടെ വിജയം.

ഇഷ്ടിയും സമഷ്ടിയും എന്ന് കേട്ടിട്ടുണ്ടോ? ഇഷ്ടി എന്നാൽ ഇഷ്ടിക, സമഷ്ടി എന്നാൽ കെട്ടിടവും. കെട്ടിടം കണ്ടാൽ ഒറ്റ നിർമ്മിതി ആണെങ്കിലും അത് ആയിരക്കണക്കിൽ ഇഷ്ടികകളുടെ കൂട്ടമാണ്. ഇഷ്ടികകൾ ഉപയോഗിച്ച് കെട്ടിടം നിർമ്മിക്കാനാണെങ്കിൽ രണ്ടു കാര്യങ്ങൾ പ്രധാനം. ഒന്ന്, ആ ഇഷ്ടികകളെ ശരിയായ രീതിയിൽ അടുക്കി ഉറപ്പിച്ചു നിർത്തണം. രണ്ട്, ഓരോ ഇഷ്ടികയും അതിരിക്കേണ്ട സ്ഥാനത്തിനനുസരിച്ചുള്ള ഗുണമുള്ളതും കേടുകൾ ഇല്ലാത്തതും ആകണം. സമൂഹനിർമ്മിതിയും രാഷ്ട്രനിർമ്മിതിയും ഇങ്ങനെയൊക്കെത്തന്നെയാണ്. അതാതിഷ്ടികകൾ അതാതിടങ്ങളിൽ വയ്ക്കപ്പെട്ടിരിക്കുന്നതുപോലെ സമൂഹത്തിലെ ഓരോ വ്യക്തിയും അവന്റെ കഴിവുകൾക്കനുസരിച്ച് അനുയോജ്യമായ ഇടങ്ങളിൽ പ്രതിഷ്‌ഠിതരായിട്ടാണ് സമൂഹവും രാജ്യവും നിർമ്മിക്കപ്പെടുക. രാഷ്ട്രസമഷ്ടിയുടെ ഇഷ്ടികകളായ ഓരോ പൗരനും ഇക്കാരണത്താൽ രാഷ്ട്രനിർമ്മാണത്തിനായി സ്വയം തയ്യാറാക്കപ്പെടേണ്ടതുണ്ട്. വിദ്യാഭ്യാസം നേടുന്നത് അതിനുള്ള ഒരുപാധിയാണ്. അതിനൊപ്പമോ അതിലുമോ പ്രധാനമാണ് ലക്‌ഷ്യം മനസ്സിൽ നിശ്ചയിക്കുകയും അത് നേടാനായി അക്ഷീണപരിശ്രമം ചെയ്യുകയും എന്നത്. തന്റെ നിയോഗമെന്തെന്ന് രാഷ്ട്രശരീരത്തിലെ ഇഷ്ടികയായ ഓരോ പൗരനും തിരിച്ചറിയുകയും അതിനായി തയ്യാറെടുക്കുകയും വേണം. 

ഒരു രാഷ്ട്രീയനേതാവെന്ന നിലയിൽ, ഭരണഘടനാപരമായ സ്ഥാനങ്ങളിൽ ഉപവിഷ്ടനായ ആളെന്ന നിലയിൽ, മോദി അത് ചെയ്തിട്ടുണ്ട്. അത് വെറുതെ പറയുന്നതല്ല. എട്ടാം വയസ്സിൽ രാഷ്ട്രീയ സ്വയം സേവക സംഘത്തിൽ ഒരു ബാലസ്വയം സേവകനായി ആരംഭിച്ചതാണ് മോദിയുടെ സാമൂഹികജീവിതം. രാഷ്ട്രീയജീവിതം തുടങ്ങുന്നത് 1971-ലും. ആദ്യമൊരു സത്യാഗ്രഹത്തിൽ പങ്കെടുക്കുകയും പിന്നെ ബംഗ്ളാദേശ് വിമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ജനസംഘത്തിന്റെ സമരത്തിന്റെ ഭാഗമാവുകയും ചെയ്തുകൊണ്ട് അദ്ദേഹം രാഷ്ട്രീയപ്രവർത്തനം ആരംഭിക്കുകയും ജയിൽവാസമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് 1975- പ്രഖ്യാപിക്കപ്പെട്ട അടിയന്തിരാവസ്ഥയ്‌ക്കെതിരെ പ്രവർത്തിച്ചു. 1975 തൊട്ട് 2000 വരെയുള്ള കാലഘട്ടത്തിൽ അദ്ദേഹം ഇന്ത്യയിലുടനീളം യാത്ര ചെയ്തിട്ടുണ്ട്. കേരളത്തിലെ ഗ്രാമങ്ങളടക്കം മിക്കയിടങ്ങളും അദ്ദേഹത്തിന് സുപരിചിതമാകുന്നത് അക്കാലത്താണ്. ഇന്ത്യയെ അടുത്തറിഞ്ഞ ഈ അനുഭവസമ്പത്തിന്റെ വെളിച്ചത്തിലാണ് അദ്ദേഹം ബിജെപിയെ ഏറെ വളർത്തിയ രണ്ട് രാഷ്ട്രീയമുന്നേറ്റങ്ങളുടെ അണിയറപ്രവർത്തകനാകുന്നത്. ഒന്ന്, അയോദ്ധ്യാ പ്രക്ഷോഭവും ലാൽകൃഷ്ണ അദ്വാനിയുടെ രഥയാത്രയും ആണെങ്കിൽ മറ്റേത് മുരളി മനോഹർ ജോഷിയുടെ ഏകതായാത്ര ആയിരുന്നു. ജനങ്ങളെ അടുത്തറിഞ്ഞ അനുഭവസമ്പത്തിൽ നിന്നും അദ്ദേഹം സാധാരണ വോട്ടർമാരുടെ മനോവ്യാപാരങ്ങൾ മാത്രമല്ല, ഇന്ത്യയുടെ ചെറുപ്പക്കാരുടെ ചിന്തകളും ചിന്തകളിലെ മാറ്റങ്ങളും അങ്ങേയറ്റം ഉൾക്കൊണ്ടിട്ടുണ്ട്. ചെറുപ്പക്കാരെ ഉൾക്കൊള്ളാത്ത ഒരാൾക്കെങ്ങനെയാണ് ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവത്തിന്റെ രാഷ്ട്രീയ അമരക്കാരനാകാൻ സാധിക്കുക? നാളേക്ക് നിങ്ങൾക്ക് വേണ്ടത് ഇതാണ് എന്ന് ഇന്ത്യൻ യുവത്വത്തത്തോട് അദ്ദേഹം കൃത്യമായി പറയുന്നുണ്ട്.

പലചരക്കു വ്യപാരികളുടെ കുടുംബത്തിൽ ചായക്കച്ചവടം നടത്തിയിരുന്ന മൂൽചന്ദ് മോദിയുടേയും, ഹീരാബെന്നിന്റേയും ആറുമക്കളിൽ മൂന്നാമനായി ജനിച്ച ആളാണ് നരേന്ദ്ര മോദി. കുട്ടിക്കാലത്ത് മോദിയും ചായക്കച്ചവടം നടത്തിയിട്ടുണ്ട്. ഓർക്കുക, യാതൊരുവിധത്തിലുള്ള രാഷ്ട്രീയപാരമ്പര്യവും അവകാശപ്പെടാനില്ലാത്ത, ജനനംകൊണ്ട് രാഷ്ട്രീയത്തിൽ പ്രത്യേകാവകാശമില്ലാത്ത, കുടുംബത്തിലോ ബന്ധുക്കളിലോ രാഷ്ട്രീയ തലതൊട്ടപ്പന്മാരില്ലാത്ത ഒരു പശ്ചാത്തലത്തിൽ ജനിച്ച ആളായിരുന്നു നരേന്ദ്രമോദി. അദ്ദേഹമിപ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്ന് മാത്രമല്ല, ഇന്നത്തെ ഇന്ത്യയുടെ ഏറ്റവും സമാരാധ്യനും ജനകീയനുമായ രാഷ്ട്രീയനേതാവുമാണ്. അവയ്ക്കുമപ്പുറം ലോകത്തെ ഏറ്റവും തലയെടുപ്പുള്ള രാഷ്ട്രത്തലവനും. ആഗോളതലത്തിൽ ഉള്ള റേറ്റിങ്ങുകളിലും രാഷ്ട്രനായകൻ എന്ന നിലയിൽ മോദിയുടെ സ്ഥാനം ഏറ്റവും ഉയർന്നുനിൽക്കുന്നു. റഷ്യയും അമേരിക്കയും ഒരേപോലെ പ്രീണിപ്പിക്കാനാഗ്രഹിക്കുന്ന ഒരു രാഷ്ട്രത്തലവൻ. പുതിയകാലത്തിന്റെ ലോകരാഷ്ട്രീയത്തിൽ ഇന്ത്യയുടെ ഇടം നിർവ്വചിച്ചിറപ്പിച്ച രാഷ്ട്രതന്ത്രജ്ഞൻ. ഗുജറാത്തിലെ വെറുമൊരു ചായക്കച്ചവടക്കാരന്റെ മകൻ നേടിയ നേട്ടങ്ങളാണിതെന്ന് ഓ‌ർക്കുക.

ആ ചായക്കടക്കാരൻ പയ്യൻ ഇന്നെടുക്കുന്ന തീരുമാനങ്ങൾ എന്തെന്ന് യു എസ്സും റഷ്യയും ഉറ്റുനോക്കുമ്പോൾ യു. എ. ഇ. യും സൗദിയും ആഫ്രിക്കൻ രാജ്യങ്ങളും ആ തീരുമാനങ്ങളെ പിന്തുണയ്ക്കാൻ കാത്തുനിൽക്കുന്നു. അന്നത്തെ ചായക്കടക്കാരൻ പയ്യൻ ഇന്ന് ഇന്ത്യയെ ഏറ്റവും വലിയ ലോകശക്തിയാക്കുന്നത് സ്വപ്നം കാണുന്നു. ഇന്ത്യയെ അഞ്ചു ട്രില്യൻറെ സാമ്പത്തികശക്തിയാക്കാൻ പരിശ്രമിക്കുന്നു. ലോകം ഇന്ത്യാ സെൻട്രിക് ആയി മാറണം എന്നാഗ്രഹിക്കുന്നു. അതായത്, അദ്ദേഹം ഇപ്പോൾ എത്തിനിൽക്കുന്ന സ്ഥാനം അദ്ദേഹം ലക്‌ഷ്യം വച്ചിരിക്കുന്ന കാര്യങ്ങളുടെ സമാപ്തിയല്ല, മറിച്ച്, ലക്ഷ്യത്തിലേക്കുള്ള പാതയിലെ ഒരിടം മാത്രമാണ്. ഇന്നിപ്പോൾ നാം പ്രതിദിനം കാണുന്നത്, അദ്ദേഹം വയ്ക്കുന്ന ലക്‌ഷ്യങ്ങൾ ഓരോന്നും നടപ്പാക്കുന്ന വാർത്തകളാണ്. നരേന്ദ്ര മോദി എന്ന ജീവിതം ലക്ഷ്യങ്ങൾ ഭേദിക്കുന്ന അസ്ത്രമായി സ്വയം മാറുന്ന കാഴ്ചയാണത്.

ഇത്തരമൊരു ജീവിതം ആർക്കാണ് മാതൃകയാക്കാതിരിക്കാനാകുക? രാഷ്ട്രപതിയായി സേവനം അനുഷ്ഠിച്ചിട്ടുള്ള എപിജെ അബ്ദുൾ കലാം പറഞ്ഞത് നമുക്ക് ഓർമ്മകാണും, നമ്മൾ സ്വപ്നം കാണുകയും അവ യാഥാർത്ഥ്യമാക്കാനായി പരിശ്രമിക്കുകയും വേണം എന്നായിരുന്നു കലാം പറഞ്ഞിട്ടുള്ളത്. അക്ഷരാർത്ഥത്തിൽ മോദി അങ്ങനെ പരിശ്രമിച്ചിട്ടുണ്ടാകും. അതുകൊണ്ടാണ് അദ്ദേഹത്തിന്‍റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുന്നത്. അതുകൊണ്ടുതന്നെ അബ്ദുൾ കലാം പറഞ്ഞതിന്‍റെ വലിയ ഉദാഹരണമായി നമുക്ക് നരേന്ദ്രമോദിയെ കാണാനാകും. ഏതൊരു ചെറുപ്പക്കാരനാണ്, വളർന്നുവരുന്ന ഏതൊരു കുഞ്ഞിനാണ്, ഇത്തരം ഒരു ജീവിതം മാതൃകയാക്കാതിരിക്കാനാകുക.

ലോകരാഷ്ട്രീയത്തിൽ ഇന്ത്യയ്ക്ക് മോദി സൃഷ്ടിച്ച സ്ഥാനം വളരെ വലുതാണെന്നാണ് ലേഖകന്‍റെ പക്ഷം. അത് എന്തുകൊണ്ടെന്നും ഞാൻ പറയാൻ ആഗ്രഹിക്കുന്നു. ഇന്നത്തെ മോദി യുഗത്തിലാണ് ശശി തരൂർ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിച്ചിരുന്നതെങ്കിൽ, ഐക്യരാഷ്ട്രസഭയുടെ പരമോന്നത സ്ഥാനം മറ്റൊരാളെ ഏറ്റെടുക്കുന്നത് കാണേണ്ടി വരില്ലായിരുന്നു.

എഴുതിയത് - പ്രൊഫ. എസ് ബാലരാമ കൈമൾ (ചെന്നൈയിലെ സവീത മെഡിക്കൽ കോളേജ് & ഹോസ്പിറ്റലിലെ ബയോകെമിസ്ട്രി വിഭാഗത്തിലെ പ്രൊഫസറാണ് ലേഖകൻ. ഈ വാർത്തയിലെ കാഴ്ചപ്പാടുകൾ ലേഖകന്‍റെ വ്യക്തിപരമാണ്).

നരേന്ദ്രമോദി എന്ന കർമ്മയോ​ഗി; സമർത്ഥനായ രാഷ്ട്രീയക്കാരൻ, ദീർഘവീക്ഷണശാലി