റാഞ്ചി: പ്രധാനമന്ത്രിക്ക് എതിരെയുള്ള അപകീർത്തി പരാമർശത്തിൽ രജിസ്റ്റർ ചെയ്ത മാനനഷ്ട കേസിൽ രാഹുൽ ഗാന്ധിക്ക് ഇടക്കാല ആശ്വാസം. ജാർഖണ്ഡ് ഹൈക്കോടതി കേസ് സ്‍റ്റേ ചെയ്തു. കേസിൽ മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് സ്‍റ്റേ. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ജാർഖണ്ഡിൽ നടത്തിയ പരാമർശത്തിലായിരുന്നു കേസ്. എല്ലാ മോദിമാരും കള്ളന്മാരാണ് എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസ്താവന. 

കഴിഞ്ഞവര്‍ഷം ഏപ്രിൽ പതിമൂന്നിന് നടത്തിയ പ്രസംഗത്തിൽ നീരവ് മോദിയെയും ലളിത് മോദിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും  പേരെടുത്താണ് രാഹുല്‍ വിമര്‍ശിച്ചത്. 'കള്ളന്മാരുടെയെല്ലാം പേരുകളില്‍ എങ്ങനെയാണ് മോദി എന്ന് വന്നത്. നരേന്ദ്ര മോദി, ലളിത് മോദി, നീരവ് മോദി എല്ലാവരുടെയും പേരില്‍ മോദിയുണ്ട്. ഇനി ഇതുപോലുള്ള എത്ര മോദിമാര്‍ വരാനുണ്ടെന്ന് പറയാന്‍ കഴിയില്ല' എന്നായിരുന്നു രാഹുലിന്‍റെ പരാമര്‍ശം. കാവൽക്കാരാൻ കള്ളനെന്ന് കോടതി പറഞ്ഞെന്ന പരാമര്‍ശത്തിൽ സുപ്രീംകോടതിയിൽ നേരത്തെ രാഹുൽ ഗാന്ധി ഖേദം പ്രകടിപ്പിച്ചിരുന്നു.