വനിതാ ജീവനക്കാർക്ക് ഒരു ദിവസം ആർത്തവ അവധി നിർബന്ധമാക്കിയ സർക്കാർ ഉത്തരവിന് കര്‍ണാടക ഹൈക്കോടതി സ്റ്റേ. സ്വകാര്യ സ്ഥാപനങ്ങൾക്ക് മേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്ന തീരുമാനമാണിതെന്ന് ചൂണ്ടിക്കാട്ടി ബാംഗ്ലൂർ ഹോട്ടൽസ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് നടപടി.
ബെംഗളൂരു: കർണാടകയിൽ വനിതാ ജീവനക്കാർക്ക് മാസത്തിൽ ഒരു ദിവസം ആർത്തവ അവധി നിർബന്ധമാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് ജ്യോതി എം ആണ് ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സർക്കാർ വിജ്ഞാപനം നിയമപരമായി നിലനിൽക്കുന്നതല്ലെന്നും സ്വകാര്യ സ്ഥാപനങ്ങൾക്ക് മേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്ന തീരുമാനമാണെന്നും ചൂണ്ടിക്കാട്ടി ബാംഗ്ലൂർ ഹോട്ടൽസ് അസോസിയേഷൻ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജികൾ പരിഗണിച്ചാണ് കോടതി ഉത്തരവ് സ്റ്റേ ചെയ്തത്.
നിയമം വഴി സ്ഥാപിക്കാത്ത ഒരവധിയാണ് സർക്കാർ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് ഹർജിക്കാർ വാദിച്ചു. തുടർന്ന്, സർക്കാർ ഈ വിഷയത്തിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട കോടതി, വിജ്ഞാപനം തൽക്കാലത്തേക്ക് സ്റ്റേ ചെയ്യുകയായിരുന്നു. കഴിഞ്ഞ നവംബർ 20 ന് വന്ന വിജ്ഞാപനത്തിൽ 18 നും 52 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് മാസത്തിൽ ഒരു ദിവസം ആർത്തവ അവധി നൽകണമെന്നായിരുന്നു നിർദ്ദേശം. വിജ്ഞാപനം ഫാക്ടറീസ് ആക്ട്, കര്‍ണാടക ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ആക്ട് തുടങ്ങിയ വിവിധ തൊഴിൽ നിയമങ്ങൾക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ബാധകമായിരുന്നു. ഇതോടെയാണ് ഇവർ കോടതിയെ സമീപിച്ചത്.
കർണാകയുടേത് ചരിത്രപരമായ തീരുമാനം
മാസത്തിൽ ശമ്പളത്തോട് കൂടിയുള്ള ഒരു അവധി വനിതാ ജീവനക്കാർക്ക് നിർബന്ധമാക്കുന്ന മെൻസ്‌ട്രുൽ പോളിസി 2025 നാണ് കർണാടക അനുമതി നൽകിയത്. ബീഹാറിനും ഒഡിഷക്കും പിന്നാലെ ആർത്തവ അവധി നിർബന്ധമാക്കുന്ന സംസ്ഥാനമായി ഇതോടെ കർണാടക മാറി. എന്നാൽ ഈ രണ്ട് സംസ്ഥാനങ്ങളിലും സർക്കാർ മേഖലയിലെ വനിതാ ജീവനക്കാർക്ക് മാത്രമായിരുന്നു അവധി ബാധകം. എന്നാൽ കർണാടകയിലാകട്ടെ സർക്കാർ മേഖലയിൽ മാത്രമല്ല, സ്വകാര്യ മേഖലയിൽ കൂടി ബാധകമായിരുന്നു. ഇന്ത്യയിൽ ആദ്യമായായിരുന്നു ഇത്തരത്തിൽ സർക്കാർ - സ്വകാര്യ മേഖലകളിൽ മാസത്തിൽ ഒരു ദിവസം ശമ്പളത്തോടെയുള്ള ആർത്തവ അവധി അനുവദിക്കുന്നത്.


