"മൈ ലോർഡ്" എന്ന് അഭിഭാഷകന്‍ എത്ര തവണ ആവര്‍ത്തിക്കുന്നുവെന്ന് താന്‍ എണ്ണുമെന്ന് ജസ്റ്റിസ് പി എസ് നരസിംഹ

ദില്ലി: കോടതിയില്‍ 'മൈ ലോര്‍ഡ്' എന്നു വിളിക്കുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി ജഡ്ജി. ജസ്റ്റിസ് പി എസ് നരസിംഹയാണ് 'മൈ ലോർഡ്' എന്നും 'യുവർ ലോർഡ്ഷിപ്പ്' എന്നുമുള്ള വിളിയില്‍ അസംതൃപ്തി രേഖപ്പെടുത്തിയത്. 

"എത്ര പ്രാവശ്യം 'മൈ ലോർഡ്‌സ്' എന്ന് നിങ്ങൾ പറയും? നിങ്ങൾ ഇത് നിർത്തിയാൽ, എന്‍റെ ശമ്പളത്തിന്റെ പകുതി ഞാൻ നിങ്ങൾക്ക് തരാം"- ജസ്റ്റിസ് പി എസ് നരസിംഹ ഒരു അഭിഭാഷകനോട് പറഞ്ഞു. ജസ്റ്റിസ് എ എസ് ബൊപ്പണ്ണയ്‌ക്കൊപ്പം ഒരു കേസിലെ വാദം കേള്‍ക്കുകയായിരുന്നു അദ്ദേഹം. എന്തുകൊണ്ടാണ് 'സർ' എന്ന് ഉപയോഗിക്കാത്തതെന്ന് ജസ്റ്റിസ് നരസിംഹ ചോദിച്ചു. മുതിർന്ന അഭിഭാഷകൻ "മൈ ലോർഡ്സ്" എന്ന പ്രയോഗം എത്ര തവണ ആവര്‍ത്തിക്കുന്നുവെന്ന് എണ്ണുമെന്നും അദ്ദേഹം പറഞ്ഞു.

ജഡ്ജിക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു; ഹരജിക്കാരന് തടവും പിഴയും വിധിച്ച് കോടതി

അഭിഭാഷകർ വാദങ്ങൾക്കിടയിൽ പൊതുവെ ജഡ്ജിമാരെ സ്ഥിരമായി 'മൈ ലോർഡ്' അല്ലെങ്കിൽ 'യുവർ ലോർഡ്ഷിപ്പ്സ്' എന്ന് വിളിക്കുന്നു. കൊളോണിയല്‍ കാലഘട്ടത്തിലെ അടിമത്തത്തിന്‍റെ അടയാളമാണ് ഇതെന്നാണ് ഈ വിളിയെ എതിര്‍ക്കുന്നവരുടെ വാദം. അഭിഭാഷകര്‍ ജഡ്ജിമാരെ "മൈ ലോർഡ്" എന്നും "യുവർ ലോർഡ്ഷിപ്പ്" എന്നും അഭിസംബോധന ചെയ്യരുതെന്ന പ്രമേയം 2006 ൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യ പാസാക്കിയിരുന്നു. പക്ഷെ അത് പ്രായോഗികമായില്ല. ഇപ്പോഴും 'മൈ ലോര്‍ഡ്' വിളി തുടരുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം