ചെന്നൈ: മൂന്ന് മാസത്തെ ക്വാറൻൈൻ പൂർത്തിയാക്കി പൂച്ച. കൊവിഡ് വ്യാപനത്തിനിടെ ചൈനയില്‍ നിന്നെത്തിയ കപ്പലിലെ കണ്ടെയ്‌നറിനുള്ളില്‍ ചെന്നൈ തുറമുഖത്തെത്തിയ പൂച്ചയാണ് ക്വാറൻൈൻ പൂർത്തിയാക്കിയത്. ഫെബ്രുവരി 17നാണ് ചെന്നൈ തുറമുഖത്തെത്തിയ കളിപ്പാട്ടങ്ങള്‍ നിറച്ച കണ്ടെയ്‌നറിനുള്ളില്‍ പൂച്ചയെ കണ്ടെത്തിയത്. 

ഈ പൂച്ചയെ തിരികെ ചൈനയിൽ അയക്കാൻ ശ്രമങ്ങൾ നടന്നെങ്കിലും  മൃഗസ്നേഹികളുടെ സംഘടനയായ പേറ്റ(പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്‍റ് ഓഫ് അനിമല്‍സ്)യുടെ പ്രവർത്തകർ എതിർപ്പുമായി എത്തിയിരുന്നു. ഇറച്ചിക്കും രോമത്തിനുമായി പൂച്ചയെ കൊല്ലുന്ന ചൈനയിലേക്ക് ഇതിനെ നാട് കടത്തരുതെന്നായിരുന്നു ഇവരുടെ ആവശ്യം. പിന്നാലെ ചെന്നൈ കസ്റ്റംസ് അധികൃതര്‍ പൂച്ചകളുടെ സംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന കാറ്റിറ്റിയൂഡ് ട്രസ്റ്റിന് പൂച്ചയെ കൈമാറുകയും ചെയ്തു. തമിഴ്‌നാട് മൃഗസംരക്ഷണ വകുപ്പ് പൂച്ചയുടെ കാര്യങ്ങൾ ശ്രദ്ധിക്കുകയും ചെയ്തു.

ഇതിനിടയിൽ, ഏപ്രില്‍ 19 ന് ചെന്നൈയിലെ അനിമല്‍ ക്വാറൻൈൻ ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ സര്‍വീസിന് പൂച്ചയെ (എക്യുസിഎസ്) കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നൽകി. 30 ദിവസം ക്വാറൻൈൻ നൽകാനായിരുന്നു നിർദ്ദേശം. അതിനിടെ പൂച്ചയെ മോചിപ്പിക്കണമെന്ന ആവശ്യവുമായി മനേകാ ഗാന്ധിയുടെ പിന്തുണയോടെ മൃഗസ്‌നേഹികളും രംഗത്തെത്തി.

Read Also: കൊവിഡ് 19: ചൈനയില്‍ നിന്നെത്തിയെന്ന് സംശയിക്കുന്ന പൂച്ചയെ 'നാടുകടത്താന്‍' നീക്കം

ആരെങ്കിലും ദത്തെടുക്കുന്നത് വരെ പൂച്ചയെ സംരക്ഷിക്കാന്‍ തയ്യാറാണെന്ന് പെറ്റ ഇന്ത്യ വെറ്ററിനറി സര്‍വീസസ് മാനേജര്‍ രശ്മി ഗോഖലെ അറിയിക്കുകയായിരുന്നു. പൂച്ചകളിൽ നിന്ന് മനുഷ്യാരിലേക്ക് വൈറസ് പടരില്ലെന്ന് കാണിച്ച് അവർ കസ്റ്റംസിന് കത്തയക്കുകയും ചെയ്തതായി വാർത്താ ഏജൻസിയായ ഐഎഎൻഎസിനെ ഉദ്ധരിച്ച് ഔട്ട്ലുക്ക് റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, പൂച്ച ചൈനയില്‍ നിന്ന് തന്നെ എത്തിയതാണോ എന്ന സംശയം നേരത്തെ പേറ്റ പ്രകടിപ്പിച്ചിരുന്നു. ചൈനയില്‍ നിന്ന് തുറമുഖം വിട്ട കപ്പല്‍ സിംഗപ്പൂര്‍, കൊളമ്പോ, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ചരക്ക് കയറ്റി ഇറക്കാനായി കണ്ടൈയ്നര്‍ തുറക്കുമ്പോള്‍ പൂച്ച ഇതില്‍ കയറിപ്പറ്റാനുള്ള സാധ്യത ഉള്ളതായും പേറ്റ പറഞ്ഞിരുന്നു.  20 ദിവസത്തോളം ഭക്ഷണവും വെള്ളവുമില്ലാതെ പൂച്ച ജീവിച്ചു എന്നത് വിശ്വസിക്കാനാവില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി.