ദില്ലി: അച്ചടക്കലംഘനമുണ്ടായാൽ എംപിമാർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന സൂചനയുമായി ലോക്സഭാ സ്പീക്കർ ഓം ബിർള. സഭ നടക്കുന്നതിനിടെ, ഇരിക്കുന്ന പക്ഷത്ത് നിന്ന് മറുപക്ഷത്തേക്ക് പോയാൽ എംപിമാരെ ഒരു സമ്മേളനക്കാലയളവ് മുഴുവൻ സസ്പെൻഡ് ചെയ്യുമെന്ന് ഓം ബിർള മുന്നറിയിപ്പ് നൽകി. പ്ലക്കാർഡുകളും ബാനറുകളുമായി സഭയിലേക്ക് വരാൻ പാടില്ലെന്നും ഓം ബിർള വ്യക്തമാക്കി. കടുത്ത പ്രതിഷേധവുമായാണ് പ്രതിപക്ഷം ഈ തീരുമാനങ്ങളോട് പ്രതികരിച്ചത്. ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷബഹളത്തെത്തുടർന്ന് ഇരുസഭകളും 12 മണി വരെയും 2 മണി വരെയും നിർത്തി വച്ചു. 

ഇന്നലെ ദില്ലി കലാപത്തെച്ചൊല്ലി ചർച്ച വേണ്ടെന്ന കേന്ദ്രസർക്കാർ നിലപാടിനെത്തുടർന്ന് പാർലമെന്‍റിലുണ്ടായത് കയ്യാങ്കളിയാണ്. തന്നെ ബിജെപി വനിതാ എംപി തല്ലിയെന്ന് രമ്യാ ഹരിദാസ് എംപി പൊട്ടിക്കരഞ്ഞു. ഹൈബി ഈഡനും ഗൗരവ് ഗൊഗോയും പ്ലക്കാർഡുമായി മറുപക്ഷത്തേക്ക് നീങ്ങിയതോടെ തമ്മിൽത്തല്ലായി.

ഹൈബി ഈഡനും ഗൗരവ് ഗോഗോയിയും അടക്കമുള്ള 15 എംപിമാർക്കെതിരെ നടപടി വേണമെന്ന് തിങ്കളാഴ്ച ബിജെപി എംപിമാർ സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് നീങ്ങിയ രമ്യാ ഹരിദാസിനെ ബിജെപി വനിതാ എംപിമാര്‍ തടഞ്ഞിരുന്നു. ഇതേത്തുടർന്ന് സ്പീക്കറുടെ ചേംബറിലെത്തിയ രമ്യ തന്നെ  ബിജെപി എംപി ജസ്കൗർ മീണ മര്‍ദ്ദിച്ചെന്ന് പരാതിപ്പെട്ട് പൊട്ടിക്കരഞ്ഞു. അമിത്ഷാ രാജി വെക്കണമെന്ന പോസ്റ്റര്‍ സ്പീക്കറുടെ ഇരിപ്പിടത്തിൽ വെച്ചതിന് ടി എൻ പ്രതാപനെ സ്പീക്കര്‍ താക്കീത് ചെയ്തിരുന്നു.

Read more at: ലോക്സഭയിൽ കയ്യാങ്കളി; സ്പീക്കര്‍ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് രമ്യ ഹരിദാസ്

ഇതിൽക്കൂടുതൽ ഒരു നടപടിയുമുണ്ടാകില്ലെന്ന സൂചനയാണ് സ്പീക്കർ ഇപ്പോൾ നൽകുന്നത്. ഇന്ന് സഭ ചേർന്നപ്പോഴും പാർലമെന്‍റിൽ പ്രതിപക്ഷ പ്രതിഷേധം തുടരുകയായിരുന്നു. ഈ സാഹചര്യത്തിൽ സഭ ഉച്ച വരെ നിർത്തി വയ്ക്കേണ്ടി വന്നു. 

ദില്ലിയിൽ സമാധാനം പുനഃസ്ഥാപിച്ച ശേഷം ചർച്ച നടത്താമെന്നായിരുന്നു ഇന്നലെ കേന്ദ്രസർക്കാർ നിലപാടെങ്കിൽ ഇന്ന് സ്പീക്ക‌ർ പറയുന്ന സമയത്ത് ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രസർക്കാർ നിലപാടെടുത്തു. എന്നാൽ അടിയന്തരമായി ചർച്ച വേണമെന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്. 

12 മണിക്ക് ലോക്സഭയിൽ ശൂന്യവേളയാണ്. ഈ സമയത്ത് ദില്ലി കലാപത്തെക്കുറിച്ച് ചർച്ച പാർലമെന്‍റിൽ നടക്കാൻ തന്നെയാണ് സാധ്യത. പ്രത്യേകിച്ച് സർക്കാർ ചർച്ചയ്ക്ക് സമ്മതിച്ച സാഹചര്യത്തിൽ.

Read more at: 'ആശയം കൊണ്ട് ചർച്ചയാകാം, കൈയാങ്കളി തരംതാണ രീതി'യെന്ന് രമ്യ

ലോക്സഭ അൽപസമയത്തിനകം തത്സമയം: