പശുക്കള്‍ മേയുന്ന കുന്നില്‍ എവിടെ നോക്കിയാലും പ്ലാസ്റ്റിക് കവറുകളാണ്. പശുക്കള്‍ പ്ലാസ്റ്റിക് കവറുകള്‍ കഴിച്ചാല്‍ എന്ത് ചെയ്യും ? ആര് ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് നാട്ടുകാര്‍
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഓലിയില്‍ ഇപ്പോള്‍ നഗരസഭ നേരിടുന്ന പ്രധാന പ്രശ്നം രണ്ട് വിവാഹങ്ങളാണ്. 200 കോടി രൂപയോളം മുടക്കി കഴിഞ്ഞ ദിവസം ഓലിയില്‍ നടന്ന വിവാഹ ചടങ്ങുകള്‍ക്കും ആഘോഷങ്ങള്‍ക്കും ശേഷം ബാക്കിയായ മാലിന്യങ്ങള്‍ എങ്ങനെ നീക്കുമെന്ന് അറിയാതെ കുഴയുകയാണ് അധികൃതര്‍.
ജൂണ്‍ 18 മുതല്‍ 22 വരെയായിരുന്നു അജയ് ഗുപ്തയുടെ മകന്‍ സൂര്യകാന്തിന്‍റെ വിവാഹം. 20 മുതല്‍ 22 വരെ അതുല്‍ ഗുപ്തയുടെ മകന്‍ ശശാങ്കിന്‍റെ വിവാഹവും നടന്നു. ഓലിയില്‍ നടക്കുന്ന ഈ കൂറ്റന്‍ വിവാഹാഘോഷം പ്രകൃതിയെ നശിപ്പിക്കുന്നുവെന്ന് ആരോപിച്ച് സാമൂഹ്യപ്രവര്‍ത്തകര്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഏറെ വിവാദങ്ങള്‍ക്കിടയിലായിരുന്നു വിവാഹങ്ങള്‍.
മുഖ്യമന്ത്രിമാര്‍, ബോളിവുഡ് താരങ്ങള്‍, ബാബാ രാംദേവ്, തുടങ്ങി നിരവധി പേരാണ് വിവാഹത്തിനെത്തിയത്. കൂടാതെ ബാബാ രാംദേവിന്‍റെ രണ്ട് മണിക്കൂര്‍ യോഗ പരിശീലനവും വിവാഹത്തിനിടെ നടന്നിരുന്നു. ഹെലികോപ്റ്ററുകളിലാണ് അതിഥികളെ എത്തിച്ചത്. നഗരത്തിലെ മിക്ക ഹോട്ടലുകളും ഇവര്‍ക്കായി ബുക്ക് ചെയ്തിരുന്നു. സ്വിറ്റ്സര്‍ലന്‍റില്‍ നിന്ന് ഇറക്കുമതി ചെയ്ത പൂക്കള്‍ ആണ് വിവാഹത്തിന് ഉപയോഗിച്ചത്.
20 പേരടങ്ങുന്ന സംഘത്തെയാണ് ഈ പടുകൂറ്റന്‍ വിവാഹ ആഘോഷം വരുത്തി വച്ച മാലിന്യങ്ങള്‍ നീക്കാന്‍ നഗരസഭ നിയോഗിച്ചിരിക്കുന്നത്. വിവാഹം കാരണം ഹില്‍ സ്റ്റേഷനില്‍ മാലിന്യം കൂമ്പാരമായിരിക്കുകയാണെന്നും 40 ക്വിന്‍റലോളംമാലിന്യങ്ങളാണ് ഇവിടെ നിന്ന് നീക്കം ചെയ്യാനുള്ളതെന്നും സംഘത്തിലെ ഒരാള്‍ പറഞ്ഞു.
പശുക്കള്‍ മേയുന്ന കുന്നില്‍ എവിടെ നോക്കിയാലും പ്ലാസ്റ്റിക് കവറുകളാണ്. പശുക്കള്‍ പ്ലാസ്റ്റിക് കവറുകള്‍ കഴിച്ചാല്‍ എന്ത് ചെയ്യും ? ആര് ഉത്തരവാദിത്വം ഏറ്റെടുക്കും ? ഇവിടുത്തെ അവസ്ഥ ദയനീയമാണെന്നും നാട്ടുകാരിലൊരാള്‍ പരാതിപ്പെട്ടതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
