Asianet News MalayalamAsianet News Malayalam

ജിമ്മിലെ ട്രെഡ്മില്ലില്‍ വ്യായാമം ചെയ്യുന്നതിനിടെ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു; മരണ കാരണം ഹൃദയാഘാതം

ജിമ്മിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവിയിൽ സംഭവത്തിന്‍റെ ദൃശ്യം പതിഞ്ഞു.

Student Dies Of Heart Attack While Running On Treadmill At Gym SSM
Author
First Published Sep 17, 2023, 8:12 AM IST

ഗാസിയാബാദ്: ജിമ്മിലെ ട്രെഡ് മില്ലില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ വിദ്യാര്‍ത്ഥി മരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. ഗാസിയാബാദിലെ സരസ്വതി വിഹാറിലാണ് സംഭവം. സിദ്ധാര്‍ത്ഥ് കുമാര്‍ സിംഗ് എന്ന ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് മരിച്ചത്.

ജിമ്മിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവിയിൽ സംഭവത്തിന്‍റെ ദൃശ്യം പതിഞ്ഞു. സിദ്ധാര്‍ത്ഥ്  ട്രെഡ്‌മിൽ പതുക്കെ നിർത്തുന്നതും പിന്നാലെ ബോധം നഷ്ടപ്പെട്ട് മെഷീനില്‍ തന്നെ വീഴുന്നതുമായ ദൃശ്യമാണ് പുറത്തുവന്നത്. ആ സമയത്ത് ജിമ്മിലുണ്ടായിരുന്നവര്‍ ഓടിയെത്തി. ട്രെഡ്‌മില്ലിൽ അബോധാവസ്ഥയില്‍ കിടന്ന സിദ്ധാര്‍ത്ഥിനെ ആശുപത്രിയില്‍ എത്തിച്ചു. 

ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും വിദ്യാര്‍ത്ഥിയുടെ മരണം സംഭവിച്ചിരുന്നു. നോയിഡയിലെ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയാണ് സിദ്ധാര്‍ത്ഥ് സിംഗ്. ബീഹാറിലെ സിവാന്‍ സ്വദേശിയാണ്. അച്ഛനോടൊപ്പം നോയിഡയിലായിരുന്നു താമസം. അമ്മ ബീഹാറിലെ സർക്കാർ സ്കൂളിൽ അധ്യാപികയാണ്.

ദാരുണമായ സംഭവത്തിന് 10 മിനിറ്റ് മുമ്പ് സിദ്ധാര്‍ത്ഥ് സിംഗ് അമ്മയോട് സംസാരിച്ചിരുന്നു. മൃതദേഹം ബിഹാറിലെ സിവാനിലേക്ക് കൊണ്ടുപോയി. സംഭവത്തെ തുടർന്ന് ജിം അടച്ചിട്ടിരിക്കുകയാണ്.

ജിംനേഷ്യത്തിലെ ട്രെഡ് മില്ലില്‍ വ്യായാമം ചെയ്യുന്നതിനിടെ 24കാരന്‍ ഷോക്കടിച്ച് മരിച്ച സംഭവം രണ്ട് മാസം മുന്‍പ് ദില്ലിയിലുണ്ടായി. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ രോഹിണി സെക്ടര്‍ 15ലെ ജിംനേഷ്യത്തിലെ ട്രെഡ്മില്ലില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് സാക്ഷന്‍ പൃതി എന്ന യുവാവ് ഷോക്കടിച്ച് മരിച്ചത്. 

സംഭവത്തില്‍ ജിംനേഷ്യം മാനേജര്‍ക്കെതിരെയും ഉടമക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. ജിംനേഷ്യത്തിലെ ഉപകരണങ്ങള്‍ അശ്രദ്ധമായി കൈകാര്യം ചെയ്തതിനും മന:പൂര്‍വമല്ലാത്ത നരഹത്യാ കുറ്റത്തിനുമാണ് ജിംനേഷ്യം ഉടമക്കും മാനേജര്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും വൈദ്യുതാഘാതമാണ് മരണ കാരണമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജിം ഉടമക്കും മാനേജര്‍ക്കുമെതിരെ കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios