കോളേജാണെന്നും ധർമശാലയല്ലെന്നുമാണ് തുക അടയ്ക്കാൻ കാലതാമസം ആവശ്യപ്പെട്ടപ്പോൾ പ്രിൻസിപ്പൾ പരിഹരിച്ചതെന്നാണ് 20 കാരൻ പറയുന്നത്

മുസാഫർനഗർ: ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ പ്രിൻസിപ്പൽ അപമാനിച്ചെന്ന് ആരോപിച്ച് ക്യാമ്പസിൽ സ്വയം തീ കൊളുത്തി ബിരുദവിദ്യാർത്ഥി. എഴുപത് ശതമാനത്തിലേറെ പൊള്ളലേറ്റ വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ. മുസാഫർനഗറിലെ ബുധാനയിലാണ് സംഭവം. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ് യുവാവ്. കഴിഞ്ഞ ദിവസം നടന്ന പരീക്ഷ ഫീസ് അടച്ചില്ലെന്ന കാരണത്താൽ വിദ്യാർത്ഥിയെ എഴുതാൻ അനുവദിച്ചിരുന്നില്ല. ഉജ്ജ്വൽ റാണ എന്ന 20കാരനാണ് ക്യാംപസിനുള്ളിൽ ആത്മഹത്യാ ശ്രമം നടത്തിയത്. മൂന്നാം സെമസ്റ്റർ പരീക്ഷ എഴുതുന്നതിൽ നിന്നാണ് ഉജ്ജ്വലിനെ വിലക്കിയത്. ആത്മഹത്യാ ശ്രമം നടത്തുന്നതിന് രണ്ട് ദിവസം മുൻപ് റെക്കോർഡ് ചെയ്ത വീഡിയോ പുറത്ത് വന്നതോടെയാണ് പ്രിൻസപ്പലിൽ നിന്ന് നേരിടേണ്ടി വന്ന അപമാനം 20കാരൻ വിശദമാക്കിയത്. എഴുപത് ശതമാനത്തിലേറെ പൊള്ളലുമായി ദില്ലിയിൽ ചികിത്സയിലാണ് 20കാരൻ.

ഏഴായിരം രൂപ ഫീസിൽ 1700 രൂപ അടച്ചതായി വിദ്യാർത്ഥി 

പരീക്ഷാ ഫീസായ ഏഴായിരം രൂപയിൽ 1700 രൂപ അടച്ചിരുന്നതായാണ് 20കാരൻ പറയുന്നത്. സഹപാഠികൾക്കും അധ്യാപകർക്കും മുന്നിൽ വച്ച് ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ പ്രിൻസിപ്പൽ അപമാനിച്ചുവെന്നാണ് 20 കാരൻ ആരോപിക്കുന്നത്. ഇത് കോളേജാണെന്നും ധർമശാലയല്ലെന്നുമാണ് തുക അടയ്ക്കാൻ കാലതാമസം ആവശ്യപ്പെട്ടപ്പോൾ പ്രിൻസിപ്പൾ പരിഹരിച്ചതെന്നാണ് 20 കാരൻ പറയുന്നത്. ഇതിന് പിന്നാലെ മറ്റ് വിദ്യാർത്ഥികളുടെ മുന്നിൽ വച്ച് മുടി പിടിച്ച് വലിച്ചുവെന്നും ഉജ്ജ്വൽ വീഡിയോയിൽ ആരോപിക്കുന്നത്.

വിദ്യാർത്ഥിയെ ഓഫീസിന് മുന്നിൽ നിന്ന് മാറ്റാനായി വിളിച്ച പൊലീസ് ഉദ്യോഗസ്ഥനും തന്നെ അപമാനിച്ചുവെന്നും യുവാവ് ആരോപിക്കുന്നത്. തനിക്കെന്തെങ്കിലും സംഭവിച്ചാൽ പ്രിൻസിപ്പലും തന്നെ കയ്യേറ്റം ചെയ്ത മൂന്ന് പൊലീസുകാരുമാണ് ഉത്തരവാദികളെന്നാണ് യുവാവ് വിശദമാക്കുന്നത്. കരിമ്പ് കർഷകനാണ് ഉജ്ജ്വലിന്റെ പിതാവ്. ഏതാനും വർഷങ്ങൾക്ക് മുൻപ് ഉജ്ജ്വലിന്റെ അമ്മ മരിച്ചിരുന്നു. സംഭവത്തിൽ ഡിഎസ്പി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ശനിയാഴ്ച 11 മണിയോടെയാണ് യുവാവ് കോളേജ് ക്യാംപസിൽ ആത്മഹത്യാ ശ്രമം നടത്തിയത്.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം