ജാമിയ മിലിയ സർവ്വകലാശാലയിൽ ആർഎസ്എസ് ശതാബ്‍ദി പരിപാടിക്ക് അനുമതി നൽകിയതിനെതിരെ എൻഎസ് യു, എസ് എഫ് ഐ തുടങ്ങിയ വിദ്യാർത്ഥി സംഘടനകൾ കടുത്ത പ്രതിഷേധം ഉയർത്തുന്നു. അനുമതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധം കാരണം ക്യാമ്പസിൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

ന്യൂഡൽഹി: ജാമിയ മിലിയ സർവ്വകലാശാലയിൽ ആർഎസ്എസ് ശതാബ്‍ദി പരിപാടിക്ക് അനുമതി. വിദ്യാർത്ഥി സംഘടനകൾ കടുത്ത പ്രതിഷേധമാണ് ഉയർത്തുന്നത്. എൻഎസ് യു, എസ് എഫ് ഐ സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. അനുമതി പിൻവലിക്കണം എന്നാണ് ആവശ്യം. കനത്ത പൊലീസ് സുരക്ഷയിലാണ് ക്യാമ്പസുള്ളത്. ആര്‍എസ്എസിന്‍റെ നൂറാം വാർഷികത്തോടനുബന്ധിച്ചുള്ള പരിപാടി സർവകലാശാലയിൽ നടത്തുന്നതിന് എതിരെയാണ് പ്രതിഷേധങ്ങൾ.

പരിപാടിയെ ശക്തമായി അപലപിച്ചുകൊണ്ട് ഓൾ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷൻ പ്രസ്താവന പുറത്തിറക്കി. ജാമിയയിൽ ആർഎസ്എസിന് സ്ഥാനമില്ല എന്ന് സംഘടന വ്യക്തമാക്കി. സ്വാതന്ത്ര്യ സമരത്തിൽ യാതൊരു പങ്കും വഹിക്കാത്തവരും ബ്രിട്ടീഷ് അധിനിവേശക്കാരുമായി പരസ്യമായി സഹകരിച്ചവരുമാണ് ആർഎസ്എസ് എന്നും, ഇന്ന് അധികാരം ഉറപ്പിക്കുന്നതിനായി അവർ ദേശീയതയുടെ പേരിൽ കാർഡുകൾ വിതരണം ചെയ്യുകയാണെന്നും എഐഎസ്എ ആരോപിച്ചു.

പരിപാടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ മുദ്രാവാക്യം വിളിച്ചു. ഒരു കേന്ദ്ര സർവകലാശാലയ്ക്കുള്ളിൽ ഇത്തരം രാഷ്ട്രീയ സ്വഭാവമുള്ള പരിപാടികൾ സംഘടിപ്പിക്കുന്നത് അനുചിതമാണെന്ന് പ്രതിഷേധക്കാർ വാദിച്ചു. കഴിഞ്ഞ ആഴ്ചകളിൽ ഡൽഹി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജുകളിലും സമാനമായ രീതിയിൽ ആർഎസ്എസ് ബന്ധമുള്ള പരിപാടികൾക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു.

എസ്എഫ്ഐയുടെ നിലപാട്

പരിപാടിക്ക് സർവകലാശാല ഭരണകൂടം അനുമതി നൽകിയത് ബോധപൂർവമായ പ്രകോപനമാണെന്ന് എസ്എഫ്ഐ വ്യക്തമാക്കി. ന്യൂനപക്ഷ വിദ്യാർത്ഥികൾ വലിയ തോതിലുള്ള ഒരു കാമ്പസിൽ ആർഎസ്എസ് ആഘോഷങ്ങൾ നടത്തുന്നത് വിദ്യാർത്ഥികളുടെ സുരക്ഷയെയും അന്തസ്സിനെയും സംബന്ധിച്ച ആശങ്കകൾ ഉയർത്തുന്നുണ്ടെന്നും എസ്എഫ്‌ഐ ആരോപിച്ചു. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ സർവകലാശാലയുടെ പ്രധാന ഗേറ്റുകൾക്ക് മുന്നിലും പരിസരത്തും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വിദ്യാർത്ഥി രോഷം കണക്കിലെടുത്ത് കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.