ദില്ലി: ജാമിയയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ 17കാരന്‍ വെടിയുതിര്‍ത്ത സംഭവത്തില്‍ ദില്ലി പൊലീസിനെപ്പോലെത്തന്നെ സര്‍വ്വകലാശാലയ്ക്കും ഉത്തരവാദിത്വമുണ്ടെന്ന് വെടിയേറ്റ വിദ്യാര്‍ത്ഥി ഷദാബ് ഫരൂഖ്. എയിംസ് ആശുപത്രിയിലാണ് വെടിയേറ്റ ഷദാബ് ചികിത്സ തേടിയത്. ഇയാളുടെ മുറിവുകള്‍ ഗുരുതരമായിരുന്നില്ല. എന്നാല്‍ തനിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പൊലീസ് ഒരു ചെറുവിരല്‍ പോലുമനക്കിയില്ലെന്നും സമാനമായ നിലപാടാണ് സര്‍വ്വകലാശാല അധികൃതരുടേതെന്നും ഷദാബ് കുറ്റപ്പെടുത്തി. 

''നേരത്തേ ജാമിയയില്‍ പൊലീസ് നടത്തിയ ക്രൂരതയില്‍ അവരെന്തെങ്കിലും നടപടിയെടുത്തോ ? ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. ജാമിയയിലോ ജെഎന്‍യുവിലോ മാത്രമല്ല, ഒരു സര്‍വ്വകലാശാലയിലും ഇത് നടക്കാതിരിക്കേണ്ടത് ഭരണത്തിലിരിക്കുന്ന ആളുകളുടെ ഉത്തരവാദിത്വമാണ്. അവരാണ് വിദ്യാര്‍ത്ഥികളെ നോക്കേണ്ടത്. അവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തരം നല്‍കേണ്ടി വരും''ഷദാബ് ഫരൂഖ് പറഞ്ഞു. 

''തോക്കുമയാണ് അയാള്‍ പ്രതിഷേധകര്‍ക്കിടയിലേക്ക് വന്നത്. അയാള്‍ വരുന്നതിനടുത്ത് എന്‍റെ സുഹൃത്തുക്കള്‍ കുറച്ചുപേരുണ്ടായിരുന്നു. അയാളെ സമാധാനിപ്പിക്കാന്‍ ഞാന്‍ ഓടി. അയാളെ തടയാന്‍ ആളുകള്‍ പൊലീസിനോട് ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാല്‍ പൊലീസ് ഇത് ചെവിക്കൊണ്ടില്ല. അവര്‍ വീഡിയോ ചിത്രീകരിക്കുന്നത് തുടര്‍ന്നു. തോക്ക് താഴെയിടാന്‍ രണ്ട് വട്ടം ഞാന്‍ അയാളോട് ആവശ്യപ്പെട്ടു. മുന്നാമതും ഞാന്‍ തോക്ക് താഴെയിടാന്‍ ആവശ്യപ്പെട്ടതും അയാള്‍ എന്‍റെ കൈക്ക് മുകളിലായി വെടിവച്ചു'' - ഷദാബ് പറഞ്ഞു. 

അമിത ദേശീയതായണ് അയാളെ വെടിവയ്ക്കാന്‍ പ്രേരിപ്പിച്ചതെന്നും ഷദാബ് വ്യക്തമാക്കി. സര്‍വ്വകലാശാല അധികൃതര്‍ ഇതിനെതിരെ നടപടിയെടുക്കാത്തിടത്തോളം ഇനിയും ഷദാബുമാരുണ്ടാകുമെന്നും വിദ്യാര്‍ത്ഥി കൂട്ടിച്ചേര്‍ത്തു.