മാതാപിതാക്കള്‍ സ്കൂളിലെത്തി പ്രിന്‍സിപ്പലിനോട് ചോദിച്ചതോടെ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി
ഗാസിയാബാദ്: സ്കൂള്‍ പ്രിന്‍സിപ്പല്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് രക്തം കൊണ്ട് കത്തെഴുതി വിദ്യാര്‍ത്ഥിനികള്‍. പ്രിന്‍സിപ്പലിനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് വിദ്യാര്‍ത്ഥിനികള്‍ കത്തില്‍ ആവശ്യപ്പെട്ടു. പ്രിന്‍സിപ്പല്‍ ഡോ. രാജീവ് പാണ്ഡെയെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് പറഞ്ഞു.
വിദ്യാര്‍ത്ഥിനികളെ തന്‍റെ ഓഫീസ് മുറിയിലേക്ക് വിളിച്ചുവരുത്തി മോശമായി സ്പര്‍ശിച്ചെന്നാണ് രാജീവ് പാണ്ഡെക്കെതിരായ പരാതി. 12നും 15നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളാണ് പരാതി നല്‍കിയത്. ഇക്കാര്യം പുറത്തുപറയാന്‍ ആദ്യം ഭയമായിരുന്നുവെന്ന് കുട്ടികള്‍ പറഞ്ഞു. പിന്നീട് മാതാപിതാക്കളെ വിവരം അറിയിച്ചു. മാതാപിതാക്കള്‍ സ്കൂളിലെത്തി രാജീവ് പാണ്ഡെയോട് ചോദിച്ചതോടെ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി.
അതിനിടെ വിദ്യാർത്ഥിനികളുടെ രക്ഷിതാക്കൾ സ്‌കൂളിൽ അതിക്രമിച്ച് കയറി മർദിച്ചെന്ന് ആരോപിച്ച് രാജീവ് പാണ്ഡെ പരാതി നൽകി. ഇരുവിഭാഗങ്ങൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. മണിക്കൂറുകളോളം പൊലീസ് തങ്ങളെ ഭീഷണിപ്പെടുത്തുകയും തടങ്കലിൽ വെക്കുകയും ചെയ്തതായി വിദ്യാർത്ഥിനികളും രക്ഷിതാക്കളും ആരോപിച്ചു.
"ഞങ്ങൾ നാല് മണിക്കൂർ പൊലീസ് സ്റ്റേഷനിൽ ഇരിക്കാൻ നിർബന്ധിതരായി. ഇനി ക്ലാസില്‍ വരരുതെന്ന് സ്കൂൾ അധികൃതർ ഞങ്ങളോട് ഉത്തരവിട്ടു. പ്രിൻസിപ്പൽ ആർഎസ്എസുകാരന്‍ ആയതുകൊണ്ടാണ് നടപടിയുണ്ടാവാത്തതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. ഈ വിഷയം മുഖ്യമന്ത്രിയെ നേരിട്ട് ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നു. ഞങ്ങൾക്കും ഞങ്ങളുടെ മാതാപിതാക്കൾക്കും താങ്കളെ കാണാൻ അനുമതി നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. ഞങ്ങൾ എല്ലാവരും താങ്കളുടെ പെൺമക്കളാണ്"- യോഗി ആദിത്യനാഥിന് എഴുതിയ കത്തില്‍ വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു.
സ്കൂളിലെ സംഘര്‍ഷത്തിനു പിന്നാലെ രാജീവ് പാണ്ഡെയെ അറസ്റ്റ് ചെയ്തു. പരാതിയെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി ഗാസിയാബാദ് പൊലീസിലെ സീനിയർ ഓഫീസർ സലോനി അഗർവാൾ അറിയിച്ചു.
