പദവിക്കായി  50 കോടി രൂപ ആം ആദ്മി പാർട്ടിക്ക് കൊടുത്തെന്നായിരുന്നു സുകേഷിൻ്റെ വെളിപ്പെടുത്തൽ

ദില്ലി: ആം ആദ്മി പാർട്ടിക്കെതിരെ കൈക്കൂലി പരാതി ഉന്നയിച്ചതിന് പിന്നാലെ ഭീഷണിയെന്ന് സുകേഷ് ചന്ദ്രശേഖർ. ജയിലിൽ കഴിയുന്ന മന്ത്രി സത്യേന്ദ്രജയിനും, മുൻ തിഹാർ ജയിൽ ഡിജിയുമാണ് ഭീഷണിപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ സുകേഷ് മണ്ടോളി ജയിലിലാണ് കഴിയുന്നത്. പദവിക്കായി 50 കോടി രൂപ ആം ആദ്മി പാർട്ടിക്ക് കൊടുത്തെന്നായിരുന്നു സുകേഷിൻ്റെ വെളിപ്പെടുത്തൽ.

ദില്ലി മന്ത്രി സത്യേന്ദർ ജെയിന് ബലമായി തന്നോട് 10 കോടി രൂപ വാങ്ങിയതായും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാൽ സുകേഷിന്റെ ആരോപണങ്ങൾ നിഷേധിച്ച് ആം ആദ്മി പാർട്ടി (എഎപി) തലവനും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ ഇന്നലെ തന്നെ രംഗത്ത് വന്നിരുന്നു.

ദക്ഷിണേന്ത്യയിൽ പാർട്ടിയിൽ ഉന്നത സ്ഥാനത്തിനും രാജ്യസഭാ സീറ്റിനും വേണ്ടി താൻ ആം ആദ്മി പാർട്ടിക്ക് 50 കോടി രൂപ നൽകിയെന്നാണ് സുകേഷ് പറഞ്ഞത്. ദില്ലി ലെഫ്റ്റനന്റ് ഗവർണർ വികെ സക്സേനയ്ക്ക് അയച്ച കത്തിലാണ് ഈ ആരോപണം ഉന്നയിച്ചത്. ഒക്ടോബർ ഏഴിനായിരുന്നു കത്തയച്ചത്. ഇതിന് പിന്നാലെ ആം ആദ്മി പാർട്ടി തട്ടിപ്പ് പാർട്ടിയെന്ന് ആരോപിച്ച് ബിജെപി രംഗത്ത് വന്നിരുന്നു.

ഗുജറാത്ത് തെരഞ്ഞെടുപ്പിൽ നിന്നും മോർബി ദുരന്തത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് സുകേഷിന്റെ ആരോപണം എന്നായിരുന്നു വിഷയത്തിൽ അരവിന്ദ് കെജ്രിവാളിന്റെ പ്രതികരണം. വ്യവസായികളും സെലിബ്രിറ്റികളും ഉൾപ്പെടെയുള്ള ഉന്നത വ്യക്തികളിൽ നിന്ന് പണം തട്ടിയ കേസിൽ 2017 മുതൽ സുകേഷ് ചന്ദ്രശേഖർ ജയിലിലാണ്. ഗുജറാത്തിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, എഎപി - ബിജെപി പോരാട്ടത്തിൽ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്ന് സുകേഷ് ഉയർത്തിയ ഈ ആരോപണങ്ങളായിരിക്കും.