ഫെബ്രുവരി 14ന് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് അനുയായികളോടൊപ്പം ബാദല്‍ എത്തിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്.
ഛണ്ഡീഗഡ്: കോണ്‍ഗ്രസ് പ്രവര്‍ത്തകരും ശിരോമണി അകാലിദള്‍ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. പഞ്ചാബിലെ ജലാലാബാദില്‍ വെച്ചാണ് ഇരുവിഭാഗവും സംഘര്‍ഷമുണ്ടായത്. ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിംഗ് ബാദലിന്റെ കാറിന് നേരെയും ആക്രമണമുണ്ടായി. കല്ലേറില്‍ കാറിന് കേടുപാട് സംഭവിച്ചെങ്കിലും അദ്ദേഹത്തിന് പരിക്കേറ്റില്ല. മറ്റ് നാല് പേര്‍ക്ക് പരിക്കേറ്റു. ഫെബ്രുവരി 14ന് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് അനുയായികളോടൊപ്പം ബാദല്‍ എത്തിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്.
പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ പ്രതിഷേധിച്ചും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടും സുഖ്ബീര്‍ സിംഗ് ബാദല്‍ കുത്തിയിരിപ്പ് സമരം നടത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആസൂത്രണം നടത്തിയാണ് ആക്രമിച്ചതെന്നും അകാലിദള്‍ നേതാക്കള്‍ ആരോപിച്ചു.
