സുള്ളി ഡീൽസ് ആപ് കേസിലെ ആദ്യ അറസ്റ്റാണിത്. കേസ് രജിസ്റ്റര്‍ ചെയ്ത് ആറ് മാസത്തിന് ശേഷമാണ് അറസ്റ്റ്. ഈ ആപ്പുമായി ബന്ധപ്പെട്ട് കേരളത്തിലും കേസെടുത്തിരുന്നു.

ദില്ലി: മുസ്ലിം സ്ത്രീകളെ ഓണ്‍ലൈനില്‍ ലേലത്തിന് വെച്ച് വിദ്വേഷപ്രചാരണം നടത്തിയ 'സുള്ളി ഡീൽസ്' ആപ്പിന്‍റെ (Sulli App) മുഖ്യസൂത്രധാരൻ അറസ്റ്റിൽ (Arrest). ഇൻഡോർ സ്വദേശി ഓംകാരേശ്വര്‍ ഠാക്കുറാണ് അറസ്റ്റിലായത്. സുള്ളി ആപ്പുമായി ബന്ധപ്പെട്ട ആദ്യ ആറസ്റ്റാണിത്.

കേസ് രജിസ്റ്റര്‍ ചെയ്ത് ആറ് മാസത്തിന് ശേഷമാണ് അറസ്റ്റ്. ജൂലായ് ദില്ലി പൊലീസിന് ലഭിച്ച പരാതിയിലാണ് സുള്ളി ആപ്പുമായി ബന്ധപ്പെട്ട് കേസെടുത്തത്. ബുള്ളി ഭായ് ആപ്പ് കേസിൽ അറസ്റ്റിലായ നീരജ് ബിഷ്‌ണോയിൽ നിന്ന് ലഭിച്ച് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുള്ളി ഡീല്‍സ് നിര്‍മിച്ച ഓംകാരേശ്വര്‍ ഠാക്കുറിനെ പിടികൂടിയത്. ഇരുവരും നേരിട്ട് കണ്ടിട്ടില്ലെങ്കിലും സൈബർ ഇടങ്ങൾ വഴി ബന്ധം പുലർത്തിയതായി പൊലീസ് പറയുന്നു.

ബിസിഎ വിദ്യാര്‍ത്ഥിയാണ് ഓംകാരേശ്വര്‍ ഠാക്കുര്‍. താനാണ് സുള്ളി ഡീല്‍സ് നിര്‍മിച്ചത് എന്ന് ഇയാള്‍ സമ്മതിച്ചു എന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായും ഓംകാരേശ്വര്‍ വെളിപ്പെടുത്തി. 2021 ജൂലൈയിലാണ് ഗിറ്റ്ഹബ് പ്ലാറ്റ്‌ഫോമില്‍ പ്രമുഖരായ മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ലേലത്തിന് വെച്ച ആപ്പ് നിര്‍മ്മിക്കപ്പെട്ടത്.കേരള പൊലീസിനടക്കം ഇതുസംബന്ധിച്ച് പരാതി എത്തിയിരുന്നു.

അതേസമയം ബുള്ളി ആപ്പ് കേസിൽ അറസ്റ്റിലായ നീരജിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. ബുള്ളി ബായ് ആപ്പ് കേസില്‍ നീരജടക്കം നാല് പേരാണ് അറസ്റ്റിലായത്. ഇതിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തത് മുംബൈ പൊലീസാണ്.