സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്ന രാഹുൽ ഗാന്ധിക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ വനിതാ സംവരണ ബില്ലിനെ പിന്തുണയ്ക്കണമെന്ന് സ്മൃതി ഇറാനി വെല്ലുവിളിച്ചു. രാഹുലിന്റെ 'ഛാത്രോം കീ ​ഗൂഞ്ചി'ന് മറുപടിയായാണ് സ്മൃതിയുടെ പ്രതികരണം

ദില്ലി: കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ 'ഛാത്രോം കീ ​ഗൂഞ്ചി'ന് മറുപടിയുമായി ബി ജെ പി നേതാവ് സ്മൃതി ഇറാനി. സ്ത്രീ ശാക്തീകരണത്തെ കുറിച്ച് സംസാരിക്കുന്ന ലോക്സഭ പ്രതിപക്ഷ നേതാവ് അതിൽ ശരിക്കും വിശ്വസിക്കുന്നുണ്ടെങ്കിൽ വനിതാ സംവരണ ബില്ലിനെ പിന്തുണയ്ക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ബി ജെ പി ദേശീയ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ ശേഷമുള്ള തന്റെ ആദ്യ ഔദ്യോഗിക പ്രതികരണത്തിലാണ് സ്മൃതി ഇറാനി രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. ഹിന്ദു ധർമ്മത്തെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്താവനകൾക്കും സ്മൃതി ഇറാനി മറുപടി നൽകി. ഭഗവതിയെയും ലക്ഷ്മിയെയും സരസ്വതിയെയും ആരാധിക്കുന്നതാണ് ഹിന്ദു ധർമ്മമെന്നും വന്ദേമാതരത്തിൽ ദുർഗ്ഗാദേവിയെ സ്തുതിക്കുന്ന ഭാഗമാണ് കോൺഗ്രസ് വെട്ടിമാറ്റിയതെന്നും അവർ ആരോപിച്ചു. ഒരു രാഷ്ട്രീയ പാർട്ടിയും നേതാവും പാർലമെന്റിനേക്കാൾ മുകളിലല്ലെന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു.

രാഹുൽ ഗാന്ധിയുടെ 'ഛാത്രോം കീ ​ഗൂഞ്ച്'

ഇന്നലെ പുനയിലാണ് 'ഛാത്രോം കീ ​ഗൂഞ്ച്' എന്ന പരിപാടിയിലൂടെ രാഹുൽ ഗാന്ധി വിദ്യാർഥികളോട് സംവദിച്ചത്. സ്ത്രീകൾ അവകാശങ്ങൾക്ക് വേണ്ടി പോരാടണമെന്നടക്കം രാഹുൽ ആഹ്വാനം ചെയ്തു. പെൺകുട്ടി മോശം വാക്ക് ഉപയോഗിച്ചാൽ സംസ്കാര ശൂന്യത എന്നാണ് പറയുന്നത്. പെൺകുട്ടികളുടെ മനസ്സിലുള്ള ഭയം മാറ്റണം. പുരുഷ മേധാവിത്വം തകർക്കണം. ഇതാണ് തന്റെ സന്ദേശമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പിങ്ക് നിറത്തിൽ 'ഗേൾ പവർ' എന്നെഴുതിയ ബാഡ്ജ് ധരിച്ചാണ് രാഹുൽ പരിപാടിയിൽ പങ്കെടുത്തത്. മനുസ്മൃതിക്കെതിരെയടക്കം രാഹുൽ വിമർശനം ഉന്നയിച്ചിരുന്നു.