ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ നീക്കത്തിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഹൈദരാബാദിലെ എൻഎഎൽഎസ്എആറിലെ വിദ്യാർത്ഥികൾക്കെതിരായ ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ നീക്കത്തിനെതിരെയാണ് ചീഫ് ജസ്റ്റിസ് രംഗത്തെത്തിയത്.

ദില്ലി: ഹൈദരാബാദിലെ നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻ്റ് റിസർച്ചിലെ (എൻഎഎൽഎസ്എആർ) വിദ്യാർത്ഥികൾക്കെതിരെ നടപടി ആവശ്യപ്പെട്ട ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ നീക്കത്തിനെതിരെ സുപ്രീംകോടതി. വിദ്യാർത്ഥികൾ നിയമപരമായി പ്രതിഷേധിക്കുകയാണെങ്കിൽ അതിൽ ഇടപെടാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യയ്ക്ക് എന്താണ് കാര്യമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. യൂണിവേഴ്സിറ്റി നൽകിയ ഹർജി പരിഗണിക്കാൻ കോടതി സമ്മതിക്കുകയും ബാർ കൗൺസിൽ ഓഫ് ഇന്ത്യയ്ക്ക് നോട്ടീസ് അയക്കുകയും ചെയ്തു.

"ഈ വിഷയത്തിൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യയ്ക്ക് ഒരു കാര്യവുമില്ല. ഞങ്ങൾ നിങ്ങൾക്കൊപ്പമാണ്. വിദ്യാർത്ഥികൾ എനിക്ക് കത്തെഴുതിയിട്ടുണ്ട്. ഇത് വിദ്യാർത്ഥികളും ഞാനും തമ്മിലുള്ള കാര്യമാണ്. അനാവശ്യമായി സർക്കുലർ ഇറക്കാൻ ഇവർ ആരാണ്? ഞാൻ കോളേജിൽ പഠിക്കുമ്പോൾ വിദ്യാർത്ഥി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ചിലപ്പോൾ അവർ പറയുന്നത് തെറ്റാണെങ്കിൽ പോലും, നിയമപരമായാണ് ശബ്ദമുയർത്തുന്നതെങ്കിൽ അത് അനുവദിക്കണം"- ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. മുതിർന്ന അഭിഭാഷകനായ കെ പരമേശ്വറാണ് യൂണിവേഴ്സിറ്റിക്ക് വേണ്ടി വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

ആദ്യം തടഞ്ഞു, പിന്നാലെ തീരുമാനം പിൻവലിക്കൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിൻ്റെ പക്കൽനിന്ന് ബിരുദം സ്വീകരിക്കില്ലെന്ന നിലപാടെടുത്ത നിയമവിദ്യാർത്ഥികളുടെ എൻറോൾമെൻ്റ് തടഞ്ഞ സംഭവത്തിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കടുത്ത അതൃപ്തി പ്രകടിപ്പിച്ചത്. 2026ൽ ബിഎ, എൽഎൽബി ബിരുദം പൂർത്തിയാക്കുന്ന വിദ്യാർത്ഥികളുടെ എൻറോൾമെന്റ് തടഞ്ഞു ബാർ കൗൺസിൽ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിക്ക് കത്ത് നൽകുകയായിരുന്നു. ഇതിനെതിരെ കനത്ത പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോക്റോച്ച് ജനത പാർട്ടി (സിജെപി) മുന്നറിയിപ്പ് നൽകിയിരുന്നു. നിർദേശം വിവാദമായതോടെ, ഇതേ ദിവസം തന്നെ എൻറോൾമെന്റ് തടഞ്ഞുകൊണ്ടുള്ള നിർദേശം പിൻവലിച്ച് ബാർ കൗൺസിൽ ഓഫ് ഇന്ത്യ മറ്റൊരു കത്ത് നൽകി തടിതപ്പി. സംഭവത്തിൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ മനൻ കുമാർ മിശ്രയ്ക്കെതിരെ വിമർശനം ഉയർന്നിട്ടുണ്ട്. ബിജെപിയുടെ രാജ്യസഭാ എംപി കൂടിയാണ് മനൻ കുമാർ മിശ്ര.