Asianet News MalayalamAsianet News Malayalam

ബാബറി മസ്ജിദ്: കോടതിയലക്ഷ്യ കേസിലെ നടപടി അവസാനിപ്പിച്ച് സുപ്രീംകോടതി; ഗോധ്ര കലാപ കേസിലും നടപടി അവസാനിപ്പിച്ചു

2019 ലെ സുപ്രീംകോടതി വിധി അനുസരിച്ച് കോടതിയലക്ഷ്യ കേസുകൾ നിലനിൽക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി അയോധ്യ കേസിലെ നടപടികൾ അവസാനിപ്പിച്ചത്

Supreme Court closes all Gujarat riots proceedings, pleas against UP over Babri demolition
Author
First Published Aug 30, 2022, 12:12 PM IST

ദില്ലി: ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് സർക്കാരിനും ഉദ്യോഗസ്ഥർക്കും എതിരായ കോടതിയലക്ഷ്യ കേസുകൾ സുപ്രീംകോടതി അവസാനിപ്പിച്ചു. ഗുജറാത്തിലെ ഗോധ്ര കലാപവുമായി ബന്ധപ്പെട്ട കേസുകളിലും സുപ്രീംകോടതി തീർപ്പ് കൽപിച്ചു. 2019 ലെ സുപ്രീംകോടതി വിധി അനുസരിച്ച് കോടതിയലക്ഷ്യ കേസുകൾ നിലനിൽക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി അയോധ്യ കേസിലെ നടപടികൾ അവസാനിപ്പിച്ചത്. കേസിന്റെ കാലപ്പഴക്കവും കോടതി ചൂണ്ടിക്കാട്ടി. 

ബാബറി മസ്ജിദ് തകർക്കുന്നത് തടയുന്നതിൽ പരാജയപ്പെട്ട ഉദ്യോഗസ്ഥർക്കെതിരായ കോടതി അലക്ഷ്യ ഹർജിയിലെ നപടികളാണ് സുപ്രീംകോടതി അവസാനിപ്പിച്ചത്. അയോധ്യ തർക്ക ഭൂമി കേസിലെ വിധി വന്ന സാഹചര്യത്തിൽ കോടതി അലക്ഷ്യ ഹർജിയിലെ നപടികൾ അപ്രസക്തമായെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. നിലവിൽ ഈ ഹർജികൾക്ക് ഒരു പ്രസക്തിയും ഇല്ലെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, അഭയ് എസ്.ഓക, വിക്രം നാഥ്‌ എന്നിവർ അടങ്ങിയ ബെഞ്ച് നീരീക്ഷിച്ചു.

ബാബറി മസ്ജിദ് പൊളിക്കുന്നതിന് മുമ്പ് അയോധ്യയില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവ് ലംഘിച്ചാണ് 1992 ഡിസംബര്‍ ആറിന് പള്ളി തകർത്തത്. കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥരും വരുത്തിയ വീഴ്ചയാണ് മസ്‍ജിദ് തകർക്കുന്നതിലേക്ക് നയിച്ചത് എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതയലക്ഷ്യ ഹ‍ർജികൾ സമർപ്പിക്കപ്പെട്ടത്. ഈ ഹർജികളാണ് സുപ്രീംകോടതി തള്ളിയത്. സുപ്രീംകോടതിയെ സമീപിച്ച മുഹമ്മദ് അസ്ലാം 2010ൽ മരിച്ചു. കേസില്‍ അമിക്കസ് ക്യുറിയെ നിയമിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടുവെങ്കിലും കോടതി ആവശ്യം തള്ളി. 

വർഷങ്ങൾ പിന്നിട്ടതോടെ കേസുകൾ അപ്രസക്തമായെന്ന ന്യായം ഉന്നയിച്ചാണ് 2002ലെ ഗോധ്ര കലാപത്തെ തുടർന്നുണ്ടായ വർഗീയ കലാപ കേസുകളിലെ എല്ലാ നടപടികളും സുപ്രീംകോടതി അവസാനിപ്പിച്ചത്. കോടതി നിർദേശപ്രകാരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (SIT) എടുത്ത 9ൽ എട്ട് കേസുകളിലും വിചാരണ പൂർത്തിയായതും സുപ്രീംകോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 


 

Follow Us:
Download App:
  • android
  • ios