വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. 'മഹാവിഷ്ണുവിനോട് തന്നെ പ്രാർത്ഥിക്കൂ' എന്ന ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയുടെ പരാമർശം വലിയ വിവാദത്തിന് വഴിവെച്ചു. നിരവധി പേർ ചീഫ് ജസ്റ്റിസിനെതിരെ രംഗത്തെത്തി

ദില്ലി: മധ്യപ്രദേശിലെ ഒരു ക്ഷേത്രത്തിലെ കേടുപാടുകൾ സംഭവിച്ച വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഇന്ത്യൻ ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് നടത്തിയ പരാമർശങ്ങൾ വിവാദത്തിൽ. സുപ്രീം കോടതിയുടെ ഈ പരാമർശം അഭിഭാഷകരടക്കമുള്ള ചിലരെ പ്രകോപിപ്പിച്ചു. വിഗ്രഹം പുനഃസ്ഥാപിക്കണമെന്നുള്ള ഹർജി ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് തള്ളിയിരുന്നു. ഈ വിഷയം പുരാവസ്തു ഗവേഷണ വകുപ്പിന്‍റെ അധികാരപരിധിയിലുള്ളതാണെന്നും, 'ഇതിനായി മഹാവിഷ്ണുവിനോട് തന്നെ പ്രാർത്ഥിക്കൂ' എന്നുമാണ് കോടതി ഹർജിക്കാരനോട് പറഞ്ഞത്.

"ഇതൊരു പബ്ലിസിറ്റിക്ക് വേണ്ടിയുള്ള കേസാണ്. ഇനി പോയി ദൈവത്തോട് തന്നെ എന്തെങ്കിലും ചെയ്യാൻ പറയൂ. നിങ്ങൾ മഹാവിഷ്ണുവിന്‍റെ വലിയ ഭക്തനാണെന്ന് പറയുന്നു. അതുകൊണ്ട് പോയി പ്രാർത്ഥിക്കൂ," സുപ്രീം കോടതി ഹർജിക്കാരനായ രാകേഷ് ദലാലിനോട് പറഞ്ഞു. യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായ ഖജുരാഹോ ക്ഷേത്ര സമുച്ചയത്തിന്‍റെ ഭാഗമായ ജവരി ക്ഷേത്രത്തിലെ, ഏഴ് അടി ഉയരമുള്ള കേടുപാടുകൾ സംഭവിച്ച മഹാവിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കാൻ സുപ്രീം കോടതി നിർദ്ദേശം നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

മുഗൾ ആക്രമണകാലത്ത് വിഗ്രഹത്തിന് കേടുപാടുകൾ സംഭവിച്ചുവെന്നും അധികൃതർക്ക് പലതവണ അപ്പീൽ നൽകിയിട്ടും വിഗ്രഹം പുനഃസ്ഥാപിക്കുകയോ കേടുപാടുകൾ തീർക്കുകയോ ചെയ്തില്ലെന്നും ഹർജിയിൽ പറയുന്നു. വിഗ്രഹം പുനഃസ്ഥാപിക്കുന്നത് പുരാവസ്തുശാസ്ത്രപരമായ വിഷയം മാത്രമല്ല, വിശ്വാസപരമായ വിഷയമാണെന്നും, അധികൃതരുടെ പരാജയം ഭക്തരുടെ ആരാധനാ സ്വാതന്ത്ര്യം എന്ന മൗലികാവകാശത്തിന്‍റെ ലംഘനമാണെന്നും ഹർജിക്കാരൻ വാദിച്ചു.

സമൂഹ മാധ്യമങ്ങളിൽ വിമര്‍ശനം

ഈ വിധി പുറത്തുവന്നതോടെ, ചീഫ് ജസ്റ്റിസ് നടത്തിയ പരാമർശങ്ങൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനം ഉയർന്നു. ചീഫ് ജസ്റ്റിസിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്റുകളും വ്യാപകമായി പ്രചരിച്ചു. ഇത്തരം പരാമർശങ്ങൾ മതവികാരം വ്രണപ്പെടുത്തിയെന്ന് ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസ് ഗവായ്ക്ക് പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി അഭിഭാഷകരും കത്തയച്ചു. അഭിഭാഷകൻ വിനീത് ജിൻഡാൽ കത്തിന്റെ ഒരു പകർപ്പ് രാഷ്ട്രപതിക്കും അയച്ചിട്ടുണ്ട്. 'സുപ്രീം കോടതിയും രാഷ്ട്രപതിയും ഈ വിഷയം ഗൗരവമായി കാണുമെന്നും എല്ലാ മതങ്ങളുടെയും അന്തസ്സ് സംരക്ഷിക്കുമെന്ന് ഉറപ്പാക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു' ജിൻഡാൽ ചീഫ് ജസ്റ്റിസിനയച്ച കത്തിൽ പറഞ്ഞു.

മറ്റൊരു അഭിഭാഷകനായ സത്യം സിംഗ് രാജ്പുത്, ചീഫ് ജസ്റ്റിസ് ഗവായ്ക്ക് തുറന്ന കത്ത് എഴുതി. പരാമർശങ്ങൾ പിൻവലിച്ച് ഒരു വിശദീകരണം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. "ഒരു മഹാവിഷ്ണു ഭക്തനെന്ന നിലയിൽ, ഈ പരാമർശങ്ങളിൽ ഞാൻ വ്യക്തിപരമായി ഞെട്ടിപ്പോയി. ദശലക്ഷക്കണക്കിന് ഹിന്ദുക്കൾക്ക്, മഹാവിഷ്ണുവിനോടുള്ള ഭക്തി എന്നത് ഒരു വ്യക്തിപരമായ വിശ്വാസം മാത്രമല്ല, അവരുടെ ആത്മീയ നിലനിൽപ്പിന്‍റെയും സാംസ്കാരിക വ്യക്തിത്വത്തിന്‍റെയും അടിത്തറയാണ്," രാജ്പുത് തന്റെ കത്തിൽ പറഞ്ഞു.