ദില്ലി: സമര വേദി മാറ്റുന്നത് ചര്‍ച്ച ചെയ്യാന്‍ സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥ സംഘം ഇന്ന് ഷാഹീന്‍ബാഗിലെത്തിയേക്കും. മുതിര്‍ന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്ഡേ, സാധന രാമചന്ദ്രന്‍, മുന്‍ വിവരാവകാശ കമ്മീഷണര്‍ വജാഹത്ത് ഹബീബുള്ള എന്നിവരെയാണ് മധ്യസ്ഥ ചര്‍ച്ചക്ക് നിയോഗിച്ചിരിക്കുന്നത്. 

കേസ് പരിഗണിക്കുന്ന, ഈ മാസം 24ന് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. സമരക്കാരെ ഉടൻ ഒഴിപ്പിക്കണം എന്ന കേന്ദ്രസർക്കാർ നിർദ്ദേശം തള്ളിയാണ് ചർച്ചയ്ക്ക് മുതിർന്ന അഭിഭാഷകരെ കോടതി ചുമതലപ്പെടുത്തിയത്. രണ്ട് മാസം പിന്നിട്ടിട്ടും ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കാത്തതിന് കേന്ദ്രസര്‍ക്കാരിനെ കോടതി വിമര്‍ശിച്ചിരുന്നു.

ജനാധിപത്യ സമരങ്ങളെ അംഗീകരിക്കുന്നെങ്കിലും വഴിയടച്ച് എത്ര നാള്‍ സമരം ചെയ്യുമെന്ന് കോടതി ചോദിച്ചിരുന്നു. അതേസമയം സമരവേദി ഷഹീന്‍ബാഗില്‍ നിന്ന് മാറ്റില്ലെന്നാണ് സമരക്കാരുടെ നിലപാട്.