ദില്ലി: സമരസ്ഥലം മാറ്റുന്നതുമായി ബന്ധപ്പെട്ട് ഷഹീന്‍ബാഗ് സമരക്കാരുമായി സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥ സംഘം വൈകുന്നേരം നാല് മണിക്ക് വീണ്ടും ചര്‍ച്ച നടത്തും. കഴിഞ്ഞ രണ്ട് ദിവസം നടന്ന ചര്‍ച്ചകളിലും സമവായമെത്താന്‍ കഴിഞ്ഞിരുന്നില്ല. സമരവേദി മാറ്റില്ലെന്ന നിലപാടില്‍  സമരക്കാര്‍ ഉറച്ച് നില്‍ക്കുന്നതോടെയാണ് ചര്‍ച്ച വഴിമുട്ടുന്നത്. സുപ്രീംകോടതി തിങ്കളാഴ്ച കേസ് പരിഗണിക്കുന്നതിന് മുന്‍പ് പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് സമിതിയംഗങ്ങളായ സഞ്ജയ് ഹെഗ്ഡേയും സാധനരാമചന്ദ്രനും. പരിഹാരം കാണുന്നത് വരെയും ചര്‍ച്ച തുടരുമെന്നും ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്. 

പൗരത്വ നിയമഭേദഗതിക്കെതിരായ സമരങ്ങളുടെ മുഖമായ ഷഹീൻബാഗിലെ അമ്മമാരോട് ഇവർ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. കഴിഞ്ഞ രണ്ട് മാസമായി കൊടും തണുപ്പിനെ അവഗണിച്ചും ഷഹീൻബാഗിലെ അമ്മമാർ ഇവിടെ സമരമിരിക്കുകയാണ്. ഇതിന് പിന്നാലെ സ്ഥലത്ത് റോഡ് ഗതാഗതം തടസ്സപ്പെടുന്നുവെന്നാരോപിച്ച് ബിജെപി രംഗത്ത് വന്നിരുന്നു. ഇത് ക്രമസമാധാനപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്നും, ഇവിടെ സമരമിരിക്കുന്നത് തീവ്രവാദികളാണെന്നും ബിജെപി ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് വൻ പ്രചാരണവിഷയമാക്കി. ഇതിനെതിരെ സുപ്രീംകോടതിയിൽ ഹർജി എത്തിയതോടെയാണ്, ഗതാഗത തടസ്സം കണക്കിലെടുത്ത് പ്രശ്നം പരിഹരിക്കാൻ രണ്ട് മധ്യസ്ഥരെ കോടതി നിയോഗിച്ചത്.